കുന്നംകുളം: ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുകയും മാലിന്യം തള്ളൽ കുറ്റകരമാകുകയും ചെയ്തതോടെ കെട്ടിടങ്ങൾക്ക് പിറകിൽ മാലിന്യം സൂക്ഷിക്കുന്നതായി പരാതി. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിഴയടപ്പിക്കുകയും ഇവരുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ തള്ളുന്നതിന് കുറവുണ്ടായി.

എന്നാൽ നഗരസഭാ പ്രദേശത്ത് നിന്നും ശേഖരിച്ച മാലിന്യം മുഴുവൻ ചാക്കിലാക്കി തുറക്കുളം മാർക്കറ്റ് കെട്ടിടത്തിൽ സൂക്ഷിച്ചു തുടങ്ങിയത് വിവാദത്തിന് തിരികൊളുത്തി. നഗരത്തെ മാലിന്യ വിമുക്തമാക്കി ഹരിത നഗരം പദ്ധതി യാഥാർത്ഥ്യമായെന്ന് നഗരസഭ കഴിഞ്ഞ ദിവസം പത്രക്കുറിപ്പും നൽകിയിരുന്നു.

എന്നാൽ മാലിന്യ ശേഖരണത്തിന് കൃത്യമായ ആസൂത്രണം നടത്താതെയാണ് കർശന നടപടിയുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വ്യാപാരികളുടെ പരാതി. വടക്കാഞ്ചേരി റോഡിലെ സ്വകാര്യ കെട്ടിടത്തിന് പിന്നിലെ രഹസ്യ ട്രഞ്ചിംഗ് ഗ്രൗണ്ട് വ്യാപാരികളുടെ പരാതിയെ ന്യായീകരിക്കുന്നു. നഗരസഭയിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മാലിന്യ നിക്ഷേപമെന്നും ആരോപണമുണ്ട്.