20 ലക്ഷത്തിന്റെ വെട്ടിപ്പ് കണ്ടെത്തി

തട്ടിപ്പ് വ്യാപകമെന്ന് ആക്ഷേപം

തിരുവനന്തപുരം:സപ്ളൈകോ ഷോപ്പുകളിൽ സാധനങ്ങൾ വിൽക്കുന്നതിൽ വൻ തട്ടിപ്പ് നടക്കുന്നതായും അത് കണ്ടെത്തിയാലും നടപടിയെടുക്കാതെ രഹസ്യമായി ഒതുക്കി തീർക്കുന്നതായും ആക്ഷേപം ശക്തമായി. കിഴക്കേകോട്ടയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ 20,59,869 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുകളിലേക്ക് റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തായത്. അതോടെ തട്ടിപ്പ് ഒതുക്കാൻ അണിയറയിൽ നീക്കം ശക്തമായി. 50,000 രൂപയ്‌ക്ക് മുകളിലുള്ള ക്രമക്കേട് പൊലീസിനെ അറിയിക്കണമെന്നിരിക്കെയാണ് കള്ളക്കളി. തട്ടിപ്പ് നടത്തിയ സാധനങ്ങളുടെ വില സഹിതമുള്ള ലിസ്റ്റ് കേരളകൗമുദിക്ക് ലഭിച്ചു.

         നോൺ മാവേലി ഇനത്തിൽ 17,16,690 രൂപയുടേയും മാവേലി ഇനത്തിൽ 3,43,179 രൂപയുടേയും ക്രമക്കേടാണ് നടന്നത്. ഇവിടെ മാനേജരായിരുന്ന ആൾക്ക് പ്രൊമോഷനോടെ സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്ന് പുതിയതായി ചുമതലയേറ്റ മാനേജ‌ർ സ്റ്റോക്കിന്റെ കണക്കെടുത്തപ്പോഴാണ് തട്ടിപ്പ് കണ്ടത്. അദ്ദേഹം അത് റിപ്പോർട്ട് ചെയ്തു. വലിയതുറ ഡിപ്പോയിലെ മൂന്ന് ഉദ്യോഗസ്ഥർ എത്തി കണക്കെടുത്തപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യമായി.കമ്പ്യൂട്ടറിൽ കാണുന്ന അളവിലുള്ള സാധനങ്ങൾ സ്റ്റോക്കിൽ ഇല്ലായിരുന്നു. ചില സാധനങ്ങൾ പൂർണമായും അപ്രത്യക്ഷമായിരുന്നു. 

 ഇത്രയും ആയപ്പോഴേക്കും മുകളിൽ നിന്ന് ഇടപെടലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ സംഭവം ഒതുക്കാൻ മുന്നിട്ടിറങ്ങി.ക്രമക്കേടിൽ പങ്കുള്ള ഒരാൾക്ക് ഭരണ കക്ഷിയിൽ സ്വാധീനമുള്ളതിനാൽ വെട്ടിച്ച തുക തിരിച്ചടച്ച് കേസ് ഒഴിവാക്കണമെന്നാണ് ധാരണ. പുതിയ മാനേജർ ചുമതലയേറ്റതല്ലാതെ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇതേ പറ്റി ചോദിച്ചപ്പോൾ ഡിപ്പോ മാനേജർ സനൽകുമാർ പറഞ്ഞത്.

 അരി മുതൽ അച്ചാറ് വരെ

അരി, ഗോതമ്പ്, സോപ്പ്, പായ്‌ക്ക് ചെയ്ത അച്ചാറുകൾ, കറി പൗഡറുകൾ,നെയ്യ്, ബിസ്‌കറ്റ്, എണ്ണ, ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡർ, പുട്ടുപൊടി, ആട്ട, കപ്പലണ്ടി, മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയ സാധനങ്ങളാണ് തട്ടിപ്പിന്റെ ലിസ്റ്റിലുള്ളത്.

തട്ടിപ്പ് ഇങ്ങനെ

സ്ഥാപനങ്ങൾക്കും മറ്റും ഒരോ മാസവും മൊത്തമായി സാധനങ്ങൾ വിൽക്കും. പണം ലഭിക്കുന്നത് പിന്നീടായിരിക്കും. ചിലർക്ക് ബില്ല് നൽകാതെ പണം വാങ്ങിക്കും. ഇതാണ് പ്രധാന തട്ടിപ്പ് രീതി.

സാധനങ്ങൾ കൊണ്ടു പോകാനുള്ള കവറിന് വലിപ്പം അനുസരിച്ച് പണം വാങ്ങും. അത് ബില്ലിൽ ചേർക്കില്ല