ഗോളില്ലാ മാഡ്രിഡ് ഡെർബി
റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും
ഗോളടിക്കാതെ പിരിഞ്ഞു
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ മാഡ്രിഡിലെ വമ്പൻമാരുടെ നഗരപ്പോരിൽ വീറും വാശിയും നിറഞ്ഞുനിന്നെങ്കിലും ഗോളിന്റെ മാധുര്യം മാത്രം അകന്നുനിന്നു. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോളി തിബൗ കുർട്ടോയുടെ അസാധാരണ മികവ് ആതിഥേയർക്ക് ആശ്വാസം പകർന്നു. എന്നാൽ ആദ്യപകുതിയിൽത്തന്നെ സൂപ്പർതാരം ഗാരേത്ത് ബെയ്ലിന് പരിക്കേറ്റു പോകേണ്ടിവന്നത് അവർക്ക് തിരിച്ചടിയായി.
ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുമാറിയശേഷം ആദ്യമായി മാഡ്രിഡ് ഡർബിക്ക് ഇറങ്ങിയ റയലിന്റെ നെഞ്ചിടിപ്പിക്കുന്ന നീക്കങ്ങളാണ് അത്‌ലറ്റിക്കോ നടത്തിയത്. അന്റോണിയോ ഗ്രീസ്മാനും ഡീഗോ കോസ്റ്റയുമൊക്കെ റയലിന്റെ ഗോൾ മുഖത്ത് നടത്തിയ മിന്നലാക്രമണങ്ങളിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടാനായത് കുർട്ടോയുടെ മികവുകൊണ്ടു മാത്രമായിരുന്നു. കഴിഞ്ഞദിവസം സെവിയ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടങ്ങിയിരുന്ന റയലിന് ഇൗ സമനില അടുത്ത ആഘാതം നൽകിയിരിക്കുകയാണ്.
ഇൗ സീസണിൽ റയൽ മാഡ്രിഡിന്റെ രണ്ടാം സമനിലയാണിത്. ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തു. ഏഴ് മത്സരങ്ങളിൽ നാല് വിജയങ്ങളുമായി പതിനാല് പോയിന്റു നേടിയ റയൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് . പതിനാല് പോയിന്റ് തന്നെയുള്ള ബാഴ്സലോണയാണ് ഒന്നാമത്. ബാഴ്സയും ഒരു കളി തോൽക്കുകയും രണ്ട് സമനില വഴങ്ങുകയും ചെയ്തു. കഴിഞ്ഞദിവസം ബാഴ്സ 1-1 ന് അത്‌ലറ്റിക് ക്ളബിനോടാണ് സമനില വഴങ്ങിയത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
മാഞ്ചസ്റ്റർ സിറ്റി മുന്നിൽ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബ്രൈട്ടൺ ആൻഡ്ഹോവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനത്ത് തുടരുന്നു. റഹിം സ്റ്റെർലിംഗ്, സെർജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോളുകൾ നേടിയത്. 29-ാം മിനിട്ടിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ. 65-ാം മിനിട്ടിൽ അഗ്യൂറോയും സ്കോർ ചെയ്തു. ഏഴ് മത്സരങ്ങളിൽനിന്ന് പത്തൊൻപത് പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയുമായി 1-1 ന് സമനിലയിൽ പിരിഞ്ഞത് പട്ടികയിൽ ഒന്നാമതെത്താനുള്ള ലിവർപൂളിന്റെ അവസരം ഇല്ലാതാക്കി. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന മത്സരത്തിൽ 25-ാം മിനിട്ടിൽ ഏദൻ ഹസാഡിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയിരുന്നത്. 89-ാം മിനിട്ടിൽ ഡാനിയേൽ സ്റ്റുറിഡ്ജിന്റെ ഗോളിലൂടെയാണ് ലിവർപൂൾ സമനില പിടിച്ച് രക്ഷപ്പെട്ടത്. ലിവർപൂൾ ഏഴ് മത്സരങ്ങളിൽനിന്ന് പത്തൊമ്പത് പോയിന്റുമായി രണ്ടാംസ്ഥാനത്താണ്.
മറ്റ് മത്സരങ്ങളിൽ ആഴ്സനൽ 2-0 ത്തിന് വാറ്റിഫോർഡിനെയും എവർട്ടൺ 3-0 ത്തിന് ഫുൾ ഹാമിനെയും തോൽപ്പിച്ചു.
ടോട്ടൻഹാം 2-0 ത്തിന് ഹഡേഴ്സ് ഫീൽഡിനെ കീഴടക്കി.
ഇറ്റാലിയൻ സെരി എ
യുവന്റസിന് വിജയം
ടൂറിൻ : കഴിഞ്ഞ രാത്രി നടന്ന ഇറ്റാലിയൻ സെരി എ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ളബ് യുവന്റസ് 3-1 ന് നാപ്പോളിയെ കീഴടക്കി. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മരിയോ മൻസൂക്കിച്ച് രണ്ട് ഗോളുകളും ലിയനാർഡോ ബെന്നൂച്ചി ഒരു ഗോളും നേടി. മത്സരത്തിൽ ഗോളുകളൊന്നും സ്വന്തം പേരിൽ കുറിക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മികച്ച പ്രകടനമാണ് മൂന്ന് ഗോളുകൾക്കും വഴിയൊരുക്കിയത്.
പത്താം മിനിട്ടിൽ മെർട്ടൻസിന്റെ ഗോളിലൂടെ നാപ്പോളിയാണ് ആദ്യം മുന്നിലെത്തിയത്. 26, 49 മിനിട്ടുകളിലായി മൻസൂക്കിച്ച് യുവന്റസിനെ മുന്നിലെത്തിച്ചു. 58-ാം മിനിട്ടിൽ മരിയോ റൂയി ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായാണ് നാപ്പോളി കളിച്ചത്. 76- ാം മിനിട്ടിലാണ് ബാെന്നൂച്ചി സ്കോർ ചെയ്തത്.
ആദ്യ ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് യുവന്റസ്.
ഫ്രഞ്ച് ലീഗ് വൺ
വിജയത്തുടർച്ചയിൽ ചരിത്രത്തിനൊപ്പം
പി.എസ്.ജി
പാരീസ് : ഫ്രഞ്ച് ലീഗ് വൺ ഫുട്ബാളിൽ ഇൗ സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും ജയിച്ച് പാരീസ് എസ്.ജി 82 വർഷം പഴക്കമുള്ള റെക്കാഡിനൊപ്പമെത്തി. കഴിഞ്ഞരാത്രി നീസിനെ 3-0 ത്തിന് തോൽപ്പിച്ചു. നെയ്മറിന്റെ ക്ളബ് 1936 ൽ ലില്ലി സ്ഥാപിച്ചിരുന്ന എട്ട് തുടർ വിജയങ്ങളുടെ റെക്കഡിനൊപ്പമാണ് എത്തിയത്.