പക വീട്ടി ബംഗളൂരു

ബംഗളൂരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന്

ചെന്നൈയിനെ  തോൽപ്പിച്ചു

ബംഗളൂരു : കഴിഞ്ഞ സീസൺ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച് കിരീടം നേടിയിരുന്ന ചെന്നൈയിൻ എഫ്.സിയോട് ഇൗ സീസണിലെ ആദ്യ മത്സരത്തിൽ പകരം വീട്ടി ബംഗളൂരു എഫ്.സി ഇന്നലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ നിക്കോളാസ് ഫെദേർ നേടിയ ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം.

മത്സരത്തിന്റെ മൂന്നാം മിനിട്ടിൽത്തന്നെ മുന്നിലെത്താൻ ബംഗളൂരു എഫ്.സിക്ക് അവസരമൊരുങ്ങിയതാണ്. എന്നാൽ ഇടതുവിംഗിലൂടെയുള്ള ഛെത്രിയുടെ നീക്കം ത്രോ ഇന്നിൽ അവസാനിച്ചു. 19-ാം മിനിട്ടിൽ ചെന്നൈയിനുവേണ്ടി ജെജെയുടെ മുന്നേറ്റവും ഫലം കാണാതെ പോയി. 33-ാം മിനിട്ടിലെ ജെജെയുടെ മുന്നേറ്റം ബംഗളൂരു പ്രതിരോധം തടുത്തു.41-ാം മിനിട്ടിലാണ് നിക്കോളാസ് ഫെദോർ എന്ന മിക്കുവിലൂടെ ബംഗളൂരു സ്കോർ ചെയ്തത്. മിഡ് ഫീൽഡിൽ നിന്ന് പന്ത് കിട്ടിയ സിസ്കോ വിക്കുവിനെ ലക്ഷ്യമാക്കി ത്രൂപാസ് നീട്ടി നൽകുകയായിരുന്നു. പന്ത് ലഭിച്ച വിക്കുവിന്റെ ശക്തമായ ഷോട്ട് ഗോളിയെ നിഷ്‌‌പ്രഭനാക്കി വലയിലേക്ക് കയറി.

രണ്ടാംപകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ചെന്നൈയിൻ  പരമാവധി ശ്രമിച്ചു. പരുക്കൻ അടവുകൾ അവർ പുറത്തെടുത്തു. 59-ാം മിനിട്ടിൽ ചെന്നൈയിന്റെ ലാൽരിൻ സുവാലയും അനിരുദ്ധ് താപ്പയും മഞ്ഞക്കാർഡ് കണ്ടു.

72-ാം മിനിട്ടിൽ സുനിൽ ഛെത്രിക്ക് ഗോളടിക്കാൻ മറ്റൊരു അവസരം കൂടി ലഭിച്ചു. എന്നാൽ ബോക്സിനുള്ളിലെത്തിയ ഛെത്രിയുടെകാലിൽ നിന്ന് കാൾ ഡെറോൺ പന്ത് തട്ടിക്കളഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചെന്നൈയിൻ   പ്രതീക്ഷ കൈവിട്ടപോലെയാണ് കളിച്ചത്. ഇൗ വിജയത്തോടെ ബംഗളൂരു എഫ്.സിക്ക്  മൂന്ന് പോയിന്റ് ലഭിച്ചു.