poovar

പൂവാർ: വർഷങ്ങളായി വാടകക്കെട്ടിടത്തിൽ കഴിയുന്ന പൂവാറിലെ അഗ്നിസുരക്ഷാനിലയം പരാധീനതകളാൽ വീർപ്പുമുട്ടുകയാണ്. ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന ഇവിടെ സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ അധികൃതർ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്ന പരാതിയുമുണ്ട്. 2009ൽ പൂവാർ അഗ്നിസുരക്ഷാകേന്ദ്രം ആരംഭിച്ചതു മുതൽ സ്വന്തം കെട്ടിടത്തിനായുള്ള ശ്രമം തുടങ്ങിയിരുന്നു. കോസ്റ്റൽ പൊലീസ്‌സ്റ്റേഷനു സമീപമുള്ള 65 സെന്റ് വിട്ടുതരണമെന്ന ഫയർഫോഴ്സിന്റെ ആവശ്യം അംഗീകരിക്കാൻ മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾക്കായിട്ടില്ല. അതിന്റെ ഫയൽ ഇപ്പോഴും ചുവപ്പു നാടയിൽ കുരുങ്ങിയതായാണ് വിവരം. അതിനിടെ അരുമാനൂർ ക്ഷേത്രത്തിനു സമീപം വട്ടം ജംഗ്ഷനിൽ 30 സെന്റിനായുള്ള അപേക്ഷ ഫയർഫോഴ്സ് പഞ്ചായത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനായി ഭൂമിയും മറ്റ് സൗകര്യങ്ങളും ഒരുക്കാമെന്ന് കുളത്തൂർ, കാഞ്ഞിരംകുളം പഞ്ചായത്തുകൾ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്.

നെയ്യാർ അറബിക്കടലുമായി സന്ധിക്കുന്ന പൊഴിക്കരയിലെ വിശാലമായ കടലോരത്ത് ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. വിദേശികളും സ്വദേശികളും ഒരുപോലെ പ്രകൃതിസൗന്ദര്യമാസ്വദിച്ച് സ്വതന്ത്റമായി സഞ്ചരിക്കുന്ന ഇടമായിട്ടു പോലും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയിരിക്കുകയാണ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളിലായി നിരവധി ബോട്ട് ക്ലബുകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. റിസോർട്ടുകളിലും യാത്രാബോട്ടുകളിലും മത്സ്യബന്ധന മേഖലയിലും അപകടങ്ങൾ പതിവാണ്. ഇവിടങ്ങളിലെ രക്ഷാദൗത്യം നിർവഹിക്കാൻ അഗ്നിസുരക്ഷാനിലയം ഇവിടെ തന്നെ നിലനിറുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഒരു ജീപ്പും ആംബുലൻസും ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവും എത്രയും വേഗം ഒരുക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ പരാധീനതകൾ പരിഹരിച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം- "സ്ഥലം ലഭ്യമാക്കണമെന്ന ഫയർഫോഴ്സിന്റെ അപേക്ഷ ലഭിച്ചിരുന്നു. അരുമാനൂരിൽ സ്ഥലം അനുവദിക്കാൻ കഴിഞ്ഞ ദിവസത്തെ കമ്മിറ്റിയിൽ തീരുമാനമെടുത്തു."

-അജിതകുമാരി, പൂവാർ പഞ്ചായത്ത് പ്രസിഡന്റ്