motor
സ്റ്റാച്യുവിലെ സ്റ്റാൻഡിൽ ഒാട്ടമില്ലാതെ കിടക്കുന്ന ടാക്സികൾ

തിരുവനന്തപുരം: റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് പിന്നാലെ ഇൻഷ്വറൻസ് വർദ്ധനയും മോട്ടോർവാഹനം ഉപജീവനമാർഗമാക്കിയവരുടെ നട്ടെല്ലൊടിക്കുന്നു. ഇന്ധന- ഇൻഷ്വറൻസ് വിലവർദ്ധനകൾക്കെതിരെ നിരവധി സമരങ്ങൾ നടത്തിയിട്ടും വർദ്ധിപ്പിച്ചതൊന്നും കുറഞ്ഞ ചരിത്രമില്ലെന്ന് ആട്ടോ-ടാക്സി ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. വെയിലും മഴയുമേറ്റ് നടത്തിയ പ്രതിഷേധങ്ങൾ ഫലമില്ലാതായതോടെ സമരപരിപാടികളിൽ പ്രതീക്ഷയുമില്ല.

നാട്ടിൽ വാഹനമോടിച്ച് ജീവിക്കാമെന്ന പ്രതീക്ഷയോടെ പ്രവാസജീവിതം മതിയാക്കി വന്നവരിപ്പോൾ ത്രിശങ്കുവിലാണ്. വാഹനം വിറ്റ് തിരിച്ചു പോകാനുള്ള വഴിതേടുകയാണ് പലരും. ന്യൂജനറേഷൻ ടാക്സികളായ യൂബർ, ഒാല ഡ്രൈവർമാരും നട്ടം തിരിയുകയാണ്. ലോൺ അടയ്ക്കാൻ കഴിയാത്തതിനാൽ വാഹനങ്ങൾ ബാങ്കുകാർ കൊണ്ടു പോകുന്നു.

അൻപത് വർഷമായി സെക്രട്ടേറിയറ്റിനു മുന്നിൽ ടാക്സി ഒാടിക്കുന്ന എഴുപതുകാരനായ പ്രഭാകരന് മറ്റ് ജോലിയൊന്നും അറിയില്ല. ഭക്ഷണം കഴിക്കാനുള്ള വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നും ഇൻഷ്വറൻസ്, ടാക്സ്, ക്ഷേമനിധി, ടെസ്റ്റ് തുടങ്ങിയവയ്ക്കായി കടം വാങ്ങേണ്ട അവസ്ഥയാണെന്നും വേദനയോടെ അദ്ദേഹം പറയുന്നു.

സ്വകാര്യ ബസ്-ചരക്കു ലോറി ഉടമകളുടെ അവസ്ഥയും പരിതാപകരമാണ്. ചിലയിടങ്ങളിൽ സ്വകാര്യ ബസ് പെർമിറ്റുകൾ സറണ്ടർ ചെയ്തു. മാസങ്ങളായി ദൈനംദിന ചെലവുകൾക്ക് പോലും സ്വന്തം കൈയിൽ നിന്നു കാശുമുടക്കണമെന്ന സ്ഥിതിയായതോടെ ട്രിപ്പുകളും റദ്ദാക്കുന്നു. ഏറ്റവുമധികം നികുതിയടയ്ക്കുന്ന ടൂറിസ്റ്റ് ബസുകളും നഷ്ടത്തിലാണ്. പുതിയതായി ഈ മേഖലയിലേക്ക് ആരും കടന്നുവരുന്നില്ലെന്നും വിൽക്കാമെന്ന് തീരുമാനിച്ചാൽ പോലും വാങ്ങാനാളില്ലാത്ത സ്ഥിതിയാണെന്നും ടൂറിസ്റ്റ് ബസുടമകൾ പറയുന്നു.

പുതിയ വാഹനം നിരത്തിലിറക്കാൻ ദീർഘകാല ഇൻഷ്വറൻസ് എടുക്കണമെന്ന നിബന്ധന നിലവിൽ വന്നത് വാഹന വിപണി മാന്ദ്യത്തിലാക്കി.ഇന്ധന- ഇൻഷ്വറൻസ് വിലവർദ്ധന കാരണം പുതിയ വാഹനങ്ങളുടെ വില്പന ഗണ്യമായി കുറഞ്ഞതായി ഡീലർമാർ പറയുന്നു.
2017ലെ ചെന്നൈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി അപകട ഇൻഷ്വറൻസ് തുക വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം കമ്പനികൾക്ക് നൽകിയത്. തേർഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥയനുസരിച്ച് ഡ്രൈവർ കൂടിയായ ഉടമയ്ക്ക് ഒരു ലക്ഷം രൂപയായിരുന്നു പരമാവധി നഷ്ടപരിഹാരം. ഇത് പതിനഞ്ച് ലക്ഷമായി ഉയർത്തിയതിനാലാണ് ഇൻഷ്വറൻസ് പ്രീമിയം വർദ്ധിച്ചത്.

തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം നിരക്കുകൾ

ടൂവീലറുകൾ- 75 സി.സിയിൽ താഴെ- പുതിയത് 1389 രൂപ (പഴയത് 563രൂപ)

75-150 സി.സി - 1734രൂപ (908)

150 സി.സിക്ക് മുകളിൽ-2047രൂപ (1221)

350 സി.സിക്ക് മുകളിൽ-3626 രൂപ (2800)

ആട്ടോറിക്ഷ- പുതിയത് 8400 രൂപ (7632)

കാറുകൾ

1000 സി.സിയിൽ താഴെ- പുതിയത് 3128 രൂപ (പഴയത് 2360)

1000-1500 സി.സി- 4323 (3555)

1500 സി.സിക്ക് മുകളിൽ- 10254 (9487)

ടാക്സി- 1000-1500 സി.സി -13531 (12764)