ktr

കാട്ടാക്കട: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം നാഥനില്ലാക്കളരിയാകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മുതലെടുത്ത് ചില  വാച്ചർമാരും ആനപ്പാപ്പാൻമാരും ജോലിയിൽ അപകടകരമായ ഉദാസീനതയാണ് കാട്ടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ രാജ്കുമാർ എന്ന ആന ചങ്ങല കെട്ടാതെ സഫാരി പാർക്കിൽ കറങ്ങിനടന്നു. കഴിഞ്ഞ മാസം 27ന് വെളുപ്പിന്  മറ്റൊരു സെക്‌ഷനിലെ വാച്ചർക്ക് ഇവിടെവച്ച് പൊതിരെ തല്ലുകിട്ടി. പാപ്പാനും വാച്ചർമാരും നേരത്തേ ഉറക്കത്തിലായതാണ് ആന ചങ്ങലയില്ലാതെ കറങ്ങി നടക്കാൻ കാരണം .

നെയ്യാർ റെയിഞ്ചിലെ താത്കാലിക വാച്ചർ അതിരാവിലെ ആന കെട്ടില്ലാതെ നിൽക്കുന്നത് കണ്ട് കൊട്ടിലിൽ ചെന്ന് നോക്കി. ഈ വാച്ചർ ആനയെ അഴിച്ചുവിടാനെത്തിയതാണെന്ന് ആരോപിച്ച് അയാളെ മർദ്ദിച്ചുവത്രേ. ആനപരിപാലന കേന്ദ്രത്തിലെ ജീവനക്കാർ ഇരുവിഭാഗക്കാരായി മാറിയത് ഉദ്യോഗസ്ഥരുടെ  ചേരിതിരിവുമൂലമാണെന്നാണ് ആരോപണം. കുട്ടികളടക്കം17 ആനകളാണ് കാപ്പുകാട്ടിലുള്ളത്. പാപ്പാൻമാരുടെ വലിയൊരു നിര തന്നെയുണ്ട്. പക്ഷേ, സന്ധ്യ കഴിഞ്ഞാൽ ഓരോ ആനയുടെയും ചുമതലക്കാരിൽ ചിലരെ  കാണാനുണ്ടാവില്ല. ഒപ്പമുള്ളവരെ പണിയേല്പിച്ച് മുങ്ങുന്നതാണ് ഇവിടത്തെ രീതി. ഇത് തടയാൻ ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. എല്ലാവർക്കും വനംവകുപ്പിന്റെ യൂണിഫോമുണ്ടെങ്കിലും കുട്ടി നിക്കറും ബർമുഡയും ധരിച്ചുനടക്കുന്ന ജീവനക്കാരെ കാണാം. ഏഷ്യയിലെ തന്നെ മികച്ച  ആന  പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പ് ഇത്തരത്തിൽ പരിതാപകരമാണിവിടെ. സഫാരി പാർക്കുകൂടിയാണിവിടം. അടിയന്തര പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് സന്ദർശകർക്കും നാട്ടുകാർക്കുമിടയിൽ.