vizhinjam-2
പൈപ്പ് സ്ഥാപിക്കാൻ തറയോടുകൾ ഇളക്കിമാറ്റിയ നിലയിൽ

വിഴിഞ്ഞം: അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടും  അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കാൻ അധികൃതർ മടി. സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഏറെ ആവശ്യമുയർന്നിട്ടും വേണ്ടത്ര രീതിയിൽ പരിഗണിക്കാൻ  അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

              രണ്ട് വർഷം മുൻപ് കോവളം ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാന്റ് വരെയുള്ള രണ്ട് കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലും തറയോട് പാകിയിരുന്നു. ഈ തറയോട് വെട്ടിപ്പൊളിച്ച് പൈപ്പ് ഇടുന്ന ജോലികളാണ് കഴിഞ്ഞ ആറ് മാസമായി നടക്കുന്നത്.

           വിദേശ സഞ്ചാരികൾ രാവിലെ വ്യായാമത്തിന് ഈ വഴിയാണ് ഉപയോഗിക്കുന്നത്. എന്നാൽ വെട്ടിപ്പൊളിച്ചിരിക്കുന്നത് കാരണം ഇത് സാധിക്കുന്നില്ല. ഇത്‌ ടൂറിസത്തെ ബാധിക്കുമെന്നാണ് ഹോട്ടൽ ഉടമകളുടെ ആശങ്ക. സീറോക്ക് ബീച്ചിൽ ബാത്ത്റൂം വേണമെന്ന് ആവശ്യമുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. തെരുവുവിളക്ക് കത്താത്തത് മറ്റൊരു പ്രശ്നമാണ്.

സമുദ്ര ബീച്ചിലെ സ്ഥിതിയും ഇതുതന്നെ. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകീകരണം ഇല്ലാത്തതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.  ആസൂത്രണമില്ലാതെ കാര്യങ്ങൾ നടത്തുന്നതുമൂലം ടൂറിസം വികസനത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപ  പാഴാവുകയാണെന്നാണ്  ആക്ഷേപമുണ്ട്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ അധികൃതർ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.