doctor

ഇൻഡോർ:ഡോക്ടർമാർ എഴുതുന്നത് വായിക്കാൻ സാധാരണക്കാർ ക്ഷ വരയ്ക്കും. മെഡിക്കൽസ്റ്റോറിർ വർഷങ്ങളായി നിൽക്കുന്നവർക്കുപാേലും ചില ഡോക്ടർമാർ എഴുതുന്നത് വായിക്കാനാവില്ല. ഇൗ പേരുദോഷത്തിന് പരിഹാരംകാണാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇൻഡോറിലെ ഒരു മെഡിക്കൽ കോളേജ്. മെഡിക്കൽവിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും കൈയക്ഷരം നന്നാക്കാൻ പ്രത്യേക പരിശീലനക്ലാസും  സെമിനാറും നൽകാനാണ് അധികൃതരുടെ തീരുമാനം.

ഡോക്ടർമാരുടെ കൈയക്ഷരം വായിക്കാനാവാത്തത് സാമൂഹ്യപ്രശ്നമായി മാറിയെന്ന് വ്യക്തമായതോടെയാണ് ഇടപെടുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എഴുതിയത് തെറ്റായി വായിച്ച് മരുന്ന് മാറിനൽകിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് മരുന്ന് കുറിപ്പുകൾ ഇംഗ്ലീഷ് ക്യാപ്പിറ്റൽ ലെറ്ററിൽ എഴുതുകയോ കൈയക്ഷണം നന്നാക്കുകയോ ചെയ്യണമെന്ന് ഡോക്ടർമാരോട് അധികൃതർ നിർദ്ദേശിച്ചിരുന്നു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. സ്പെഷ്യൽ ക്ളാസിലൂടെ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്.