ഉൗട്ടി ഗുരുകുലത്തിൽ താമസിക്കുന്നു. ഇവിടെ ഗുരുകുല വളപ്പിലുണ്ടായിരുന്ന വലിയ മരങ്ങളെല്ലാം പല കാരണങ്ങളാൽ മുറിച്ചുമാറ്റേണ്ടിവന്നു. യൂക്കാലിപ്റ്റ്സ് മരമായിരുന്നു മിക്കതും. ഇൗയിനം മരം വച്ചുപിടിപ്പിക്കാൻ ഇപ്പോൾ സർക്കാർ സമ്മതിക്കുന്നുമില്ല. നീലഗിരിയിൽ പ്രകൃതിസഹജമായി വളരുന്ന ചില മരങ്ങളുണ്ട്. അവ വച്ചുപിടിപ്പിക്കാനുള്ള ശ്രമം ഞങ്ങൾ നടത്തുകയാണ്. കുറച്ച് ഫലവൃക്ഷങ്ങളും.
പാലക്കാട്ട് നിന്ന് ഒരു സംഘം വന്നു. അവർ ജൈവകൃഷിയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നവരാണ്. പഴങ്ങൾ പ്രധാന ആഹാരമാക്കണം. ആ പഴങ്ങൾ സ്വന്തം പറമ്പിൽ വിളയുകയും വേണം. ഫലവൃക്ഷവനം എന്നതാണ് അവരുടെ സ്വപ്നം.
ഗുരുകുലത്തിലും നിറയെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവച്ചു. അതുപ്രകാരം ഗുരുകുലത്തിലുള്ളവർ അതിനുവേണ്ടി മാത്രം ജീവിക്കുന്നവരായിത്തീരണം. ഞാൻ പറഞ്ഞു.
''ഞങ്ങൾക്ക് മുഴുവൻ സമയവും കൃഷിക്കായി ചെലവിടാനാവുകയില്ല. ആദ്ധ്യാത്മികമായ പഠനങ്ങൾ, ചർച്ചകൾ, ഗ്രന്ഥരചന ഇതൊക്കെയാണ് ഞങ്ങൾക്ക് മുഖ്യം. ദിവസവും ഒരു മണിക്കൂറോളം ഞങ്ങൾ കൃഷികാര്യങ്ങളിൽ ശ്രദ്ധിക്കാറുമുണ്ട്.""
തൊട്ടടുത്ത ദിവസം ഞങ്ങൾ നീലഗിരിയിലുള്ള വലിയൊരു സ്കൂൾ സന്ദർശിക്കാൻ പോയി. ഇത്രയും ആർഭാടവും സുഖസൗകര്യങ്ങളുമുള്ള മറ്റൊരു സ്കൂൾ ലോകത്തിൽ എവിടെയെങ്കിലുമുണ്ടോ എന്ന് സംശയിച്ചുപോയി! ഒരു കുട്ടി പഠിക്കാൻ ഒരുവർഷം ചെലവിടേണ്ടിയിരിക്കുന്നത് പതിനെട്ടുലക്ഷം രൂപ!
ആ സ്കൂളിന്റെ മേധാവി ഞങ്ങൾക്കൊരു ഉപദേശം തന്നു. 'ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കരുത്. അതുണ്ടായാൽ കുരങ്ങന്മാർ വരും. വലിയ ഉപദ്രവമാണ്. ഇവിടെ കുറച്ച് ഫലവൃക്ഷങ്ങളുണ്ടായിരുന്നു. കുരങ്ങന്മാരെ കണ്ടപ്പോൾ കുട്ടികൾക്ക് വലിയ ഭയമായി. രക്ഷാകർത്താക്കളുടെ പരാതികളായി. ഞങ്ങൾ പിന്നെ അതൊക്കെ മുറിച്ചുമാറ്റി.""
അപ്പോൾ എന്നെ സൽക്കരിക്കാനായി കുറച്ച് പഴങ്ങൾ കൊണ്ടുവന്നു.
''ഇൗ പഴങ്ങളൊക്കെ എവിടെനിന്നു കിട്ടും?""
''കമ്പോളത്തിൽനിന്ന്."
''കമ്പോളത്തിൽ കിട്ടണമെങ്കിൽ ആരെങ്കിലും കൃഷി ചെയ്യണ്ടേ? അവിടെയും ഉണ്ടാവില്ലേ കുരങ്ങന്മാർ? കുരങ്ങന്മാരുടെ സാമ്രാജ്യം നമ്മൾ കൈയടക്കി. അതിനുള്ള പിഴയായി, നമ്മൾ കൃഷി ചെയ്തു കിട്ടുന്ന പഴങ്ങളിലെ ഒരു പങ്ക് കുരങ്ങന്മാരും തിന്നുകൊള്ളട്ടെ എന്ന് കരുതിയാൽ പോരെ?""
''കുരങ്ങന്മാരെ കണ്ടുപേടിക്കുന്നതിനുപകരം അവയുമായി ഇണങ്ങാൻ കുട്ടികളെ പഠിപ്പിക്കുകയല്ലേ വേണ്ടത്? കുട്ടികൾ പ്രകൃതിയുമായി ഇണങ്ങിവേണ്ടേ ജീവിക്കേണ്ടത്? ""
''അങ്ങനെയുള്ള സാഹചര്യത്തിൽ നിന്നു വരുന്നവരല്ല ഇൗ കുട്ടികൾ. വലിയ വലിയ ബിസിനസുകാരുടെ മക്കളാണവർ. പ്രകൃതിയുമായി ബന്ധപ്പെടേണ്ട ഒരാവശ്യവും അവർക്ക് ജീവിതത്തിലില്ല."
ആധുനിക സംസ്കാരവും പണക്കൊഴുപ്പും മനുഷ്യനെ എങ്ങോട്ടാണ് തള്ളിക്കൊണ്ടുപോകുന്നത്. എന്നോർത്ത് സങ്കടം വന്നു. തലേദിവസം കണ്ടു കർഷകരെപ്പോലെയുള്ള വരും ഇൗ ഭൂമിയിലുണ്ടല്ലോ എന്നതിൽ ആശ്വാസവും തോന്നി.