kerala-university-തിരുവനന്തപുരം: കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടും നിയമന ഉത്തരവ് നൽകാൻ ശ്രമം. പത്താം ക്ളാസ് അടിസ്ഥാന യോഗ്യതയുള്ള എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയാണ് സർക്കാർ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 എന്ന് പേരുമാറ്റിയത്.  സർവകലാശാല ഇതുവരെ ഔദ്യോഗികമായി പേര് മാറ്റിയിട്ടില്ല. 2006 ലാണ് എൽ.ഡി ടൈപ്പിസ്റ്റ് സ്ഥിരനിയമനത്തിനായി കേരള സർവകലാശാല അപേക്ഷ ക്ഷണിക്കുന്നത്.

 56 ഒഴിവുകളിലേക്ക് 100 രൂപ ഫീസടച്ച് 3600 ഓളം പേർ അപേക്ഷിച്ചു. എന്നാൽ, പരീക്ഷ നടത്താതെ 2007 മുതൽ 2017വരെ താത്കാലിക നിയമനം നടത്തുകയാണ് സർവകലാശാല ചെയ്തത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചെങ്കിലും  നടന്നില്ല. പ്രായപരിധി കഴിഞ്ഞ ഉദ്യോഗാർത്ഥികൾ  പരീക്ഷ നടത്തണമെന്ന് പലവട്ടം  ആവശ്യപ്പെട്ടിട്ടും അധികൃതർ  അനങ്ങിയില്ല.

 2013ൽ സർവകലാശാലയിലെ അനദ്ധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് വിട്ടു. 2015ൽ ഗവൺമെന്റ് ഉത്തരവും പുറത്തിറക്കി. കാർഷിക സർവകലാശാല, കാലിക്കറ്റ് സർവകലാശാല തുടങ്ങിയവ  ഇതു നടപ്പാക്കാൻ നടപടികൾ തുടങ്ങിയെങ്കിലും കേരള സർവകലാശാല  അനങ്ങിയില്ല. തുടർന്ന് 2006ൽ  ടൈപ്പിസ്റ്റ് അപേക്ഷ സമർപ്പിച്ചവർ 2016ൽ ഹൈക്കോടതിയെ സമീപിച്ച്  അനുകൂലമായ സ്റ്റേ വാങ്ങുകയായിരുന്നു.          

ഹൈക്കോടതിയുടെ അനുവാദമില്ലാതെ ഈ തസ്തികയിൽ പി.എസ്.സി വഴി നിയമനം നടത്താൻ പാടില്ലെന്നാണ് അന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഈ സ്റ്റേ നിലനിൽക്കവേയാണ്  ഈ വർഷം ജൂലായ് 24 ന് കേരള യൂണിവേഴ്സിറ്റി പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പി.എസ്.സി നിയമനശുപാർശ നൽകുകയും ചെയ്തത്. സ്റ്രേ നിലനിൽക്കേ കമ്പ്യൂട്ടർ അസിസ്റ്റന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമന ഉത്തരവ് നൽകാനാണ് കേരള യൂണിവേഴ്സിറ്റി ശ്രമം.ഒരു സിൻഡിക്കേറ്റ് മെമ്പറുടെ ബന്ധു നിലവിലെ പി.എസ്.സി ലിസ്റ്റിലുണ്ടെന്നും അവർക്ക് കേരള യൂണിവേഴ്സിറ്റിയിൽ ജോലി കൊടുക്കാൻ ഹൈക്കോടതിയുടെ സ്റ്റേ മറികടന്ന് നിയമനം നൽകാൻ യൂണിവേഴ്സിറ്റി  ശ്രമിക്കുന്നു എന്നാണ്  പഴയ  ഉദ്യോഗാർത്ഥികളുടെ ആരോപണം.