sabarimala-women-entry

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സമവായ ചർച്ചയോട് തന്ത്രികുടുംബവും കൊട്ടാരവും മുഖം തിരിച്ചതോടെ ശബരിമല പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ മുഖം രക്ഷിക്കാനും പ്രശ്നം പരിഹരിക്കാനും മറ്റു മാർഗങ്ങൾ തേടാൻ സർക്കാർ നിർബന്ധിതമായി. മുൻവിധിയോടെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചതെന്ന് ബോദ്ധ്യമായതിനാലാണ് ചർച്ചയിൽ പങ്കെടുക്കാത്തതെന്ന് രാജകുടുംബം വ്യക്തമാക്കി.ദേവസ്വം ബോർഡ് റിവ്യൂഹർജി നൽകാത്ത സാഹചര്യത്തിൽ ചർച്ചയ്ക്കില്ലെന്നതാണ് തന്ത്രികുടുംബത്തിന്റെ നിലപാട്.

ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയ ശേഷം തന്ത്രിയുമായും കൊട്ടാരം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായും ചർച്ച നടത്താനായിരുന്നു തീരുമാനം.നിലവിലെ അന്തരീക്ഷത്തിന്റെ പിരിമുറുക്കത്തിന്  തത്കാലം അല്പം അയവു വരുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

  ചിലക്ഷേത്രങ്ങൾ വിശ്വാസികളെന്ന പേരിൽ ചില സംഘടനകൾ താഴിട്ട് പൂട്ടുകയും ക്ഷേത്രജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വംബോർഡ് ആലോചിക്കുന്നു. മണ്ഡലകാലം തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കേ നിലയ്ക്കൽ പോലുള്ള ക്ഷേത്രങ്ങളിൽ കൈയേറ്റം നടത്തുന്നതിനെ ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. ഈ സാഹചര്യത്തിൽ കോടതിയുടെ ഇടപെടലാവും ഉചിതമെന്നാണ് ബോർഡിന്റെ നിലപാട്. ഇന്നലെ ഉച്ചയ്ക്ക് ബോർഡ് പ്രസിഡന്റ്  പദ്മകുമാർ,മെ‌ംബ‌ർ കെ.പി.ശങ്കരദാസ്, കമ്മിഷണർ എന്നിവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും അറിയുന്നു.

  ഇതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യം കൂനിന്മേൽ കുരു എന്ന പരുവത്തിലാക്കി.ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ലെന്നും ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്നും  കമ്മിഷണർ എൻ.വാസു മാദ്ധ്യമങ്ങളോടു പറഞ്ഞതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ച് ഇന്ന് ഡി.ജി.പിയുമായി ചർച്ച നടത്തുമെന്നും കമ്മിഷണർ പറഞ്ഞിരുന്നു. ഇതിൽ അതൃപ്തി  പ്രകടിപ്പിച്ച ബോർഡ് പ്രസിഡന്റ് കമ്മിഷണർക്കെതിരെ മന്ത്രിക്ക് പരാതി നൽകി. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് മന്ത്രി കമ്മിഷണറോട്  നിർദ്ദേശിച്ചു.എന്നാൽ ഇങ്ങനൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.ഇന്നലെ പ്രസിഡന്റുമായും ബോർഡ് മെം‌ബർമാരുമായും മറ്റ് ചില കാര്യങ്ങളാണ് ചർച്ചചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.