നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ വികസനത്തിന്റെ ചൂളം വിളി ഉയരുന്നതേയില്ല. സതേൺ റെയിൽവേ തിരുവനന്തപുരത്തു നിന്നു കന്യാകുമാരി വരെ ട്രെയിൻ സർവീസ് നീട്ടിയപ്പോൾ സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ കെട്ടിടമാണ് ഇപ്പോഴും പ്രധാന കെട്ടിടമായി ഉപയോഗിക്കുന്നത്. കെട്ടിടത്തിന് മുകളിൽ ഒരു നില നിർമ്മിക്കുകയും തൊട്ടടുത്തായി മറ്റ് രണ്ട് ചെറിയകെട്ടിടങ്ങൾ കൂടി നിർമ്മിച്ചതുമല്ലാതെ യാതൊരുവിധ വികസനവും ഇവിടേക്ക് എത്തിനോക്കിയിട്ടേയില്ല. മൂന്ന് വർഷം മുൻപ് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വിശ്രമമുറി നിർമ്മിച്ചെങ്കിലും ഇതേ വരെ തുറന്നു നൽകിയിട്ടില്ല. മഴ പെയ്താൽ ഇവിടെ ഇരിക്കുന്ന യാത്രക്കാർ പെട്ടതു തന്നെ. റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അക്കരെ ഇക്കരെ ചാടിപ്പോകണം
ട്രെയിൻ വരുന്നത് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് മറുവശത്തുള്ള രണ്ടാമത്തെ പ്ളാറ്റ്‌ഫോമിൽ പോകണമെങ്കിൽ പൊക്കമുള്ള പ്ളാറ്റ്ഫോമിലൂടെ ഇഴഞ്ഞു തന്നെ കയറണം. വൃദ്ധരും സ്ത്രീകളുമാണ് അധികം ദുരിതമനുഭവിക്കുന്നത്. ട്രെയിനുകൾക്ക് സിഗ്നൽ കാണിക്കാനായി ജീവനക്കാരും അപ്പുറത്തെ പ്ളാറ്റ്‌ഫോമിൽ പോകാൻ പെടുന്നപാട് കണ്ട് തന്നെ അറിയണം.
ശങ്കതോന്നിയാൽ കാട് ശരണം
റെയിൽവേ സ്റ്റേഷനിൽ മുൻപ് ഉണ്ടായിരുന്ന കംഫർട്ട്സ്റ്റേഷൻ അടച്ചിട്ടിട്ട് കാലമേറെയായി. ശുദ്ധജല വിതരണത്തിലെ അപാകതയാണ് കംഫർട്ട്സ്റ്റേഷൻ പൂട്ടിയിടാൻ കാരണമത്രേ. ഇവിടെ എത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കൃത്യം നിർവഹിക്കണമെന്ന് തോന്നിയാൽ റെയിൽവേ സ്റ്റേഷനു ചുറ്റുമായി വളർന്നു കിടക്കുന്ന കുറ്റിക്കാടാണ് ശരണം. പക്ഷേ ഇഴജന്തുക്കളെ പേടിക്കണമെന്നു മാത്രം.
വിനയായി രാജമല്ലി
1975 കാലത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷന് ചുറ്റും വച്ചു പിടിപ്പിച്ച അക്കേഷ്യ മരങ്ങൾ പരിസരവാസികൾക്ക് വിനയായി മാറി. അക്കേഷ്യയിൽ നിന്നു പുറപ്പെടുന്ന ഒരുതരം പരാഗരേണുക്കൾ ആസ്ത്‌മജന്യമായ അസുഖങ്ങൾ പിടിപെടാൻ ഇടയാക്കുന്നതായി പരിസരവാസികൾ പറയുന്നു.
മാത്രമല്ല ഒരാൾപ്പൊക്കത്തിൽ കുറ്റിക്കാട് വളർന്ന് പന്തലിച്ചിരിക്കുകയാണിവിടെ. രാജമല്ലി എന്ന ഇനം മുള്ളുകളുള്ള വള്ളിച്ചെടിയാണ് അധികവും പടർന്നിരിക്കുന്നത്. ഇതു കാരണം റെയിൽവേ സ്റ്റേഷനിലേക്ക് കുറുക്കുവഴിയിലൂടെ നടന്നെത്തുന്ന യാത്രക്കാർ ദുരിതത്തിലാണ്.
അധികവും നിറുത്താത്ത ട്രെയിൻ
നെയ്യാറ്റിൻകര വഴി കടന്നുപോകുന്ന ട്രെയിനുകൾ ...36
ഇവിടെ നിറുത്താതെ പോകുന്നത് ......21 എണ്ണം
സർവീസ് നടത്തുന്ന പകുതി ട്രെയിനിനും ഇവിടെ സ്റ്റോപ്പില്ല
റിസർവേഷൻ സൗകര്യമുണ്ടെങ്കിലും പാഴ്സൽ സംവിധാനമില്ല
ബോഗികൾ കുറവ്
നാഗർകോവിലിൽ നിന്നും പാറശാലയിൽ നിന്നും കയറുന്നവരുടെ ബാഹുല്യം കാരണം മിക്കപ്പോഴും പാസഞ്ചർ ട്രെയിനുകളിലെ ബോഗികളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് നെയ്യാറ്റിൻകരയിലെത്തുന്നത്. ഇവിടെയുള്ളവർ കാലൂന്നാൻ സ്ഥലമില്ലാത്തിടത്ത് തിങ്ങി ഞെരുങ്ങിയാണ് തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്. പാസഞ്ചർ ട്രെയിനിൽ ബോഗികൾ കൂട്ടണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.