markkatt

മുടപുരം: കടമുറികളും സ്റ്റാളുകളും തകർന്നിരിക്കുന്ന മുടപുരം പബ്ലിക് മാർക്കറ്റ് നവീകരിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സും മത്സ്യമാർക്കറ്റും നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രമാണ് ഈ മാർക്കറ്റ്. എന്നാൽ കച്ചവടത്തിനായുള്ള യാതൊരു സൗകര്യവും ഇവിടെ ഇല്ല.

1979 -ൽ എസ്. വാസുദേവൻ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് റൂറൽ ഡെവലപ്മെന്റ് കോർപറേഷനിൽ നിന്നും ലോൺ എടുത്ത് 11 മുറികൾ അടങ്ങുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് മാർക്കറ്റിൽ പണികഴിപ്പിച്ചത്. അതിനുശേഷം ജി. വേണുഗോപാലൻ നായർ പ്രസിഡന്റ് ആയിരുന്നപ്പോൾ കടമുറികൾ മെയിന്റനൻസ് ചെയ്യുകയും ചന്ത നവീകരിക്കുകയുമുണ്ടായി.

തുടർന്ന് വന്ന ഭരണസമിതിയുടെ കാലത്തും പലപണികൾ നടന്നെങ്കിലും അപര്യാപ്തത തുടരുകയാണ്. കാലപ്പഴക്കത്താൽ ഷോപ്പിംഗ് കോംപ്ലക്സിലെ  കടമുറികൾ  ഇപ്പോൾ തകർന്ന നിലയിലാണ്.നൂറു കണക്കിന് പേർ ദിനവും എത്തുന്ന സ്ഥലമായതിനാൽ ആധുനിക സൗകര്യത്തോടു കൂടിയ പബ്ലിക് മാർക്കറ്റ് ഇവിടെ അനിവാര്യമാണ്. എന്നാൽ അസൗകര്യങ്ങൾക്ക് നടുവിൽ വ്യാപാരികൾക്ക് ഇവിടെ കച്ചവടം നടത്തേണ്ട ഗതികേടിലാണ്. മാർക്കറ്റിനകത്ത് സ്ഥിതി ചെയ്യുന്ന കടമുറികളുടെ ഷട്ടറുകൾ തകർന്ന നിലയിലാണ്. കോൺക്രീറ്റുകൾ ഇളകി ചുവരുകൾ പൊട്ടിപൊളിഞ്ഞ നിലയിലുമാണ്. റോഡ് സൈഡിലുള്ള അഞ്ച് മുറികളും അപകടാവസ്ഥയിൽ തന്നെ. ആ മുറികളിൽ വ്യാപാരം നടത്തേണ്ടതിനാൽ വാടകക്ക് എടുത്തവർ തന്നെ സ്വന്തം നിലയിൽ അറ്റകുറ്റ പണികൾ നടത്തി വരികയാണ്. മുടപുരം പബ്ലിക് മാർക്കറ്റ് പുതുക്കി പണിത് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുവാൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ദുർഗന്ധം സഹിച്ച്

കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസ്, എൻ.ഇ.എസ് ബ്ലോക്ക്  ഓഫീസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, കൃഷി ഭവൻ തുടങ്ങി ഒട്ടേറെ ഓഫീസുകളും ദന്തൽ ഹോസ്പിറ്റൽ, മാർജിൻ ഫ്രീ മാർക്കറ്റ് ഉൾപ്പെടെ നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളും ഈ മാർക്കറ്റിനു ചുറ്റും സ്ഥിതി ചെയ്യുന്നുണ്ട്. മുസ്ലിം പള്ളിയും മാർക്കറ്റിന് സമീപം തന്നെ സ്ഥിതിചെയ്യുന്നു. മുടപുരം പോസ്റ്റ് ഓഫീസ് ഈ മാർക്കറ്റിന്റെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നു. മാർക്കറ്റിലെ ദുർഗന്ധം സഹിച്ചാണ് ഇവയുടെ പ്രവർത്തനം

കെട്ടിടം നിർമ്മിച്ചത് - 1979ൽ

പ്രശ്നങ്ങൾ

കാലപഴക്കത്തിൽ കെട്ടിടം തകർന്നു

മാർക്കറ്റിലെ ദുർഗന്ധത്തിൽ പൊറുതിമുട്ടി നാട്ടുകാർ

മാലിന്യം നിർമാർജനം ചെയ്യാൻ സ്ഥലം ഇല്ല; ഓടകളും ഇല്ല
മുടപുരം പബ്ലിക് മാർക്കറ്റ് അടിസ്ഥാന സൗകര്യങ്ങളോടെ ആധുനികവത്കരിച്ച് മത്സ്യമാർക്കറ്റും പുതിയ ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കണം. ഇതിന് ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കണം. ഗ്രാമ പഞ്ചായത്ത് ഫണ്ടും മറ്റ് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും എം.എൽ.എ ഫണ്ട്, എം.പി.ഫണ്ട് എന്നിവ കണ്ടെത്തുന്നതിന് പുറമെ വിവിധ ഏജൻസികളുടെ ഫണ്ടും ഉപയോഗപ്പെടുത്തേണ്ടതാണ്.

ജി. വേണുഗോപാലൻ നായർ, മുൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ആവശ്യങ്ങൾ

പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കണം
ആധുനിക സൗകര്യമുള്ള മത്സ്യ മാർക്കറ്റ് വേണം. എല്ലാ സൗകര്യങ്ങളുമടങ്ങുന്ന ഇറച്ചി വ്യാപാര കേന്ദ്രം ഉണ്ടാകണം.
മാലിന്യങ്ങൾ എല്ലാദിവസവും നിർമ്മാർജ്ജനം ചെയ്യണം
മലിനജലം ഒഴുകി പോകുന്നതിനായി ഓട നിർമ്മിക്കണം