തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിൽ ഇനി പെൺഭരണം. കോർപ്പറേഷന്റെ 24 ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാൻ തീരുമാനമായി. സേവനം തൃപ്തികരമായാൽ ശേഷിക്കുന്ന കൗണ്ടറുകളും കൈമാറും.
സംസ്ഥാനത്തെ 19 കൗണ്ടറുകളും പുറത്തുള്ള അഞ്ച് കൗണ്ടറുകളുമാണു കുടുംബശ്രീക്കു നൽകുന്നത്. ടിക്കറ്റ് ഒന്നിന് 4.5 ശതമാനം കമ്മിഷനും കൊടുക്കും. ടിക്കറ്റ് എടുക്കാനുള്ള തുക മുൻകൂറായി കുടുംബശ്രീ കോർപറേഷന്റ അക്കൗണ്ടിൽ അടയ്ക്കണം. ടോപ് അപ് മാതൃകയിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം കുടുംബശ്രീക്ക് നൽകുന്നത്.തറവാടകയും വൈദ്യുതിയുമടക്കം എല്ലാ ചെലവുകളും കുടുംബശ്രീ വഹിക്കണം. ഒൻപതു ഡിപ്പോകളിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയും, 11 ഡിപ്പോകളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയും കൗണ്ടറുകൾ പ്രവർത്തിക്കും. മൂന്നു സ്ഥലങ്ങളിൽ 24 മണിക്കൂറും കൗണ്ടറുകളുണ്ടാകും.
ടിക്കറ്റ് റിസർവേഷന് പുറമേ പ്രധാന ഡിപ്പോകളിലെ സീറ്റ് കൂപ്പൺ വിതരണവും കുടുംബശ്രീക്ക് നൽകും. നിലവിൽ കെ.എസ്.ആർ.ടി.സിയിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരാണ് കൗണ്ടറുകളിൽ ജോലി നോക്കുന്നത്. സിംഗി ഡ്യൂട്ടി നടപ്പാക്കിയ സാഹചര്യത്തിൽ എട്ട് മണിക്കൂർ ഇടവേളകളിൽ ഓഫീസിൽ വേ ബിൽ ക്ലോസിംഗ് അടക്കമുള്ള ജോലികൾ വർദ്ധിച്ചു. ഈ സെക്ഷനുകളിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് മിനിസ്റ്റീരിയൽ വിഭാഗത്തെ പിൻവലിക്കുന്നത്. പുതിയ കരാറിന്റെ പേരിൽ ഒരു ജീവനക്കാരനെയും പിരിച്ചുവിടില്ലെന്നും മിനിസ്റ്റീരിയൽ വിഭാഗത്തെ പുനർവിന്യസിക്കുക മാത്രമാണ് ചെയ്തതെന്നും സി.എം.ഡി ടോമിൻ ജെ തച്ചങ്കരി ഉത്തരവിൽ അറിയിച്ചു.
കുടുംബശ്രീക്ക് കൈമാറുന്ന കൗണ്ടറുകൾ.
തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, മൂന്നാർ, ആലപ്പുഴ, എറണാകുളം, വൈറ്റില, തൃശൂർ, ഗുരുവായൂർ, പാലക്കാട്, മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കൽപ്പറ്റ, ബത്തേരി, കാസർകോട്, കോയമ്പത്തൂർ, മൈസൂരു (ഓരോന്നു വീതം), ബംഗളൂരു (മൂന്ന് കൗണ്ടർ)