ബ്യൂണസ് അയേഴ്സ് : പതിവ് രീതിയിൽ സ്റ്റേഡിയങ്ങളിലെ ഉദ്ഘാടനച്ചടങ്ങിന് പകരം ബ്യൂണസ് അയേഴ്സിലെ തെരുവീഥിയിലേക്ക് ഉദ്ഘാടനച്ചടങ്ങ് വഴി മാറിയപ്പോൾ യൂത്ത് ഒളിമ്പിക്സ് ലോകത്തിന് തന്നെ അതിശമായി. കഴിഞ്ഞരാത്രി അർജന്റീനാതലസ്ഥാനമായ ബ്യൂണസ് അയേഴ്സിലാണ് വ്യത്യസ്തമായ ഉദ്ഘാടനച്ചടങ്ങുകളോടെ യൂത്ത് ഒളിമ്പിക്സിന് കൊടിയേറിയത്.
രണ്ടുലക്ഷത്തോളം പേരാണ് ബ്യൂണസ് അയേഴ്സിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കാളിയായത്. ലോകമെമ്പാടുമുള്ള 206 രാജ്യങ്ങളിൽ നിന്ന് 4000 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഗെയിംസ് ഇൗമാസം 18 വരെയാണ് അരങ്ങേറുന്നത്. അർജന്റീനാ തിയേറ്റർ കമ്പനിയായ ഫ്യുയേർസ ബ്രൂട്ട ആയിരുന്ന ഇൗ നവീനമായ ഉദ്ഘാടനച്ചടങ്ങിന്റെ അണിയറക്കാർ. കലാകാരൻമാർക്കും കായിക താരങ്ങൾക്കുമൊപ്പം ബ്യൂണസ് അയേഴ്സിലെ ജനങ്ങൾകൂടി ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി.
തായ്‌ലൻഡിലെ ഗുഹയിൽ നിന്നുള്ള അതിസാഹസിക രക്ഷപ്പെടലിലൂടെ ലോക ശ്രദ്ധ ആകർഷിച്ച വൈൽഡ് ബോർസ് ഫുട്ബാൾ ടീമിനെ ഉദ്ഘാടനച്ചടങ്ങിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ആദരിച്ചു. മനക്കരുത്തിന്റെയും തിരിച്ചുവരവിന്റെയും പ്രതീകമാണ് വൈൽഡ് ബോർസ് ടീമെന്ന് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു
അർജന്റീനയുടെ തനത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങ്. തെരുവീഥിയെ ആഘോഷത്തിലാക്കി നടന്ന ഘോഷയാത്രയിൽ ടാംഗോ ഡാൻസും പാരമ്പര്യ സംഗീതവും പ്രധാന ആകർഷണമായി. തെരുവീഥിക്ക് അരികെയുള്ള കെട്ടിടങ്ങളുടെ ബാൽക്കണികളിലും നർത്തകർ അണിനിരന്നിരുന്നു.
15 നും 18 നും ഇടയിൽ പ്രായമുള്ള കായിക താരങ്ങൾക്ക് വേണ്ടിയാണ് യൂത്ത് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്.
46 താരങ്ങളുമായി ഇന്ത്യ
. അർജന്റീനയിലെ യൂത്ത് ഒളിമ്പിക്സിൽ 13 കായിക ഇനങ്ങളിലായി 46 ഇന്ത്യൻ കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
. ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന യൂത്ത് ഒളിമ്പിക്സാണിത്.
. ഹോക്കി (18), അത്‌ലറ്റിക്സ് (7), ഷൂട്ടിംഗ് (14), ആർച്ചറി ബാഡ്മിന്റൺ , സ്വിമ്മിംഗ് ടേബിൾ ടെന്നിസ്, വെയ്‌റ്റ്ലിഫ്റ്റിംഗ് , റെസ്‌ലിംഗ്, റോവിംഗ് (രണ്ട് വീതം) , ബോക്സിംഗ്, ജൂഡോ, സ്പോർട്സ് ക്ളൈംബിംഗ് (ഒന്നുവീതം) എന്നീ കായിക ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നത്.
. അത്‌ലറ്റിക്സിൽ മലയാളിതാരം ജെ. വിഷ്ണു പ്രിയ മത്സരിക്കുന്നുണ്ട്. മലയാളിയായ സുഭാഷ് ജോർജാണ് അത്‌ലറ്റിക്സ് കോച്ച്.
. ഷൂട്ടിംഗ് താരം മനുഭാക്കറാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്.
. ലോകകപ്പിലും കോമൺവെൽത്ത് ഗെയിംസിലും 10 മീറ്റർ എയർപിസ്റ്റളിൽ സ്വർണം നേടിയിരുന്ന താരമാണ് മനുഭാക്കർ.