cristiano-ronaldo

ടൂറിൻ : പീഡനക്കേസിന്റെ വാർത്തകൾ വേട്ടയാടുമ്പോഴും ഗോളുകൾ കൊണ്ട്  സങ്കടം മറയ്ക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ഇറ്റാലിയൻ സെരി എയിൽ യുഡിനെസിനെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്.  യുവയുടെ രണ്ടാം ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. ആദ്യഗോൾ ബെന്റാൻ കുറിന്റെ വകയായിരുന്നു.

അമേരിക്കൻ മോഡൽ കാതറിൻ മയോർഗ ഉയർത്തിവിട്ട പീഡനവിവാദം അന്വേഷണത്തിലേക്ക്  കടക്കുന്ന ഘട്ടത്തിലാണ് ക്രിസ്റ്റ്യാനോ കളിക്കളത്തിലേക്ക് ഇറങ്ങിയത്. 2009 ജൂണിൽ ലാസ് വെഗാസിലെ ഒരു ഹോട്ടലിൽവച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു കാതറിന്റെ പരാതി. തന്റെ സമ്മതം കൂടാതെയാണ് ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന കാതറിന്റെ വെളിപ്പെടുത്തൽ,​ അടുത്തിടെ ഒരു ജർമ്മൻ മാഗസിനാണ് പുറത്തുകൊണ്ടുവന്നത്. പീഡന വിവരം മറച്ചുവയ്ക്കാൻ ക്രിസ്റ്റ്യാനോ വൻ തുക കാതറിന്  നൽകിയെന്നും വാർത്തയുണ്ടായിരുന്നു.

ഇൗ വെളിപ്പെടുത്തലുകൾ ക്രിസ്റ്റ്യാനോ നിഷേധിച്ചെങ്കിലും കാതറിൻ പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്.  ഇതേത്തുടർന്നാണ് അമേരിക്കൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.

പീഡന വാർത്തകൾ പുറത്തുവന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള സ്പോൺസർഷിപ്പിൽ നിന്ന്  വൻകിട കമ്പനികൾ പിന്തിരിയാൻ ശ്രമം തുടങ്ങിയിരുന്നു. ഒാഹരി വിപണിയിൽ യുവന്റസിന്റെ ഒാഹരികൾക്കും ഇടിവ് സംഭവിച്ചു. ക്രിസ്റ്റ്യാനോയെ കളിക്കളത്തിൽ നിന്ന് മാറ്റിനിറുത്താൻ യുവന്റസിന് മേലും സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറ്റാലിയൻ ക്ളബ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ 33ആം മിനിട്ടിൽ  യാവോ കാൻ സെലോയുടെ പാസിൽനിന്നാണ്  ബെന്റാൻ കുർ യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. 37ആം മിനിട്ടിൽ മരിയോ മൻ സൂക്കിച്ചാണ് ക്രിസ്റ്റ്യാനോയുടെ ഗോളിന് വഴിയൊരുക്കിയത്.

8

ഇറ്റാലിയൻ സെരി എയിൽ യുവന്റസിന്റെ തുടർച്ചയായ എട്ടാം വിജയമാണ്.

24

പോയിന്റുമായി സെരി എയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് യുവന്റസ്.

15

പോയിന്റുള്ള നാപ്പോളിയാണ് രണ്ടാംസ്ഥാനത്ത്.

4

ഗോളുകളാണ് യുവന്റസ് കുപ്പായത്തിൽ ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത്.

10

എല്ലാമത്സരങ്ങളിലുമായി യുവന്റസിന്റെ പത്താം തുടർ വിജയമാണിത്.