mavo
മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്

 

കൊച്ചി: കേരള കാത്തലിക് ബിഷപ് കൗൺസിലിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. പാലാരിവട്ടത്തെ സെക്രട്ടേറിയറ്റ് പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ ഓഫീസിൽ ശനിയാഴ്ച ഉച്ചയോടെയാണ് കത്ത് ലഭിച്ചത്. "ഞങ്ങൾ ഇതുവരെ നിങ്ങൾക്ക് നേരെ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും. ഞങ്ങൾക്ക് മാനന്തവാടിയെന്നല്ല കേരളത്തിലെ ഏത് സ്ഥലവും കൈെയ്യെത്തും ദൂരത്താണ്. മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറിനിൽക്കാം. സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടുനിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല." എന്നിങ്ങനെയാണ് കത്തിലെ ഭീഷണി.

നിലമ്പൂർ കാട്ടിലെ ചോരയ്ക്ക് പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത് എന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്. വെള്ള പേപ്പറിൽ ചുവന്ന അക്ഷരങ്ങളിൽ പ്രിന്റ് ചെയ്ത കത്തിന്റെ താഴെ മാവോയിസ്റ്റുകൾ എന്നും എഴുതിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. നിലമ്പൂരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.