kollam

കൊല്ലം: എസ്.ഐയുടെ സംശയം വാഹനാപകട കേസിലെ പ്രതിയെ പിടികൂടാൻ സഹായകരമായി. പള്ളിത്തോട്ടം എസ്.ഐ ആർ.ബിജുവാണ് സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ കാർ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട് ആറരയോടെ കൊല്ലം ബീച്ചിന് സമീപം ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ഈ സമയം അമിത വേഗതയിൽ നീങ്ങിയ വെള്ള മാരുതി കാർ ശ്രദ്ധിച്ചിരുന്നു. കാറിന്റെ മുൻവശത്തെ ചില്ല് ഉടഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ കൂടുതൽ സംശയത്തിന് ഇട നൽകിയെങ്കിലും കാർ അപ്പോഴേക്കും കടന്നുപോയിരുന്നു. നമ്പർ പ്ലേറ്രിലെ അക്കങ്ങളും കാറിന്റെ മോഡലും നിറവും മാത്രമായിരുന്നു ആകെയുള്ള വിവരം.

 രജിസ്‌ട്രേഷന്റെ ഭാഗമായ അക്ഷരങ്ങൾ ഓർമ്മയിൽ കിട്ടിയിരുന്നില്ല. അരമണിക്കൂറിന് ശേഷം എസ്.ഐയുടെ വയർലെസ് സെറ്റിൽ സൈക്കിൾ യാത്രക്കാരനായ മത്സ്യത്തൊഴിലാളിയെ ഇടിച്ചിട്ട ശേഷം കാർ നിറുത്താതെ പോയെന്ന സന്ദേശം ലഭിച്ചു. പൂന്തുറയിൽ നിന്ന്  കൊല്ലത്ത് മത്സ്യമേഖലയിൽ പണിയെടുക്കുന്ന സെലസ്‌റ്റിനെയാണ് (47)​ കൊല്ലം തോപ്പ് പള്ളിക്ക് സമീപം ഇടിച്ച് തെറിപ്പിച്ചത്. നിറുത്താതെ പോയ കാറിന് നേരെ അവിടെ ഉണ്ടായിരുന്ന ഒരാൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് മുൻഭാഗത്തെ ചില്ലുടഞ്ഞതെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അന്വേഷിച്ചപ്പോൾ ആദ്യം ചെന്നെത്തിയത് ശക്തികുളങ്ങരയിലെ ഒരു ആൾട്ടോ കാർ ഉടമയുടെ വീട്ടിലാണ്.എന്നാൽ അപകടം സൃഷ്‌ടിച്ച കാർ മാരുതി 800 ആണെന്ന ബോദ്ധ്യത്തിൽ തുടരന്വേഷണത്തിൽ കൊല്ലം ഉപാസന ആശുപത്രിക്ക് സമീപത്തെ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന ഒരു വീട്ടിലേക്കെത്തി പൊലീസ് അന്വേഷണം. ചോദ്യം ചെയ്യലിൽ  കാർ ഉടമസ്ഥനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ പൗലോസ് പണിക്ക‍ർ അപകടം വരുത്തിയത് തന്റെ വാഹനമാണെന്ന് സമ്മതിച്ചില്ല. എന്നാൽ പഴയ മാരുതി 800 ന്റെ മുൻവശത്തെ ഗ്ലാസ് മാറ്റിയതിനെ കുറിച്ച് ചോദിച്ചതോടെ അയാൾക്ക് ഉത്തരം മുട്ടി.

കാർ കസ്‌റ്രഡിയിലെടുത്ത പള്ളിത്തോട്ടം പൊലീസ് വാഹനം ഓടിച്ചിരുന്ന പൗലോസ് പണിക്കർക്കെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. അനിഷ്‌ട സംഭവങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് താൻ വാഹനം നിറുത്താതെ പോയതെന്നും പൗലോസ് പറഞ്ഞു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സെലസ്‌റ്റിന് ഇടുപ്പെല്ലിന് സാരമായ ക്ഷതം സംഭവിച്ചു. കാറിന് കല്ലെറിഞ്ഞയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.