കാസർകോട്: കള്ളക്കടത്ത് സംഘങ്ങളുടെ ഉറക്കംകെടുത്തി കസ്റ്റംസ് കാസർകോട്ട് അന്വേഷണം ശക്തമാക്കി. സ്വർണക്കടത്തും കുഴൽപണ ഇടപാടും നടത്തുന്ന റാക്കറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസർകോട്ടെയും ബദിയഡുക്കയിലെയും രണ്ട് രാഷ്ട്രീയ നേതാക്കളുടെ വീടുകൾ കസ്റ്റംസ് നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്.
കാസർകോട് കേന്ദ്രമായി വൻ ഹവാല ഇടപാട് നടന്നുവരുന്നതായി വിവരം ലഭിച്ചതാണ് അന്വേഷണ സംഘം പരിശോധന ശക്തമാക്കാൻ കാരണം. നഗരത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് കുഴൽപണ, ഹവാല ഇടപാടിലൂടെയാണ് സമ്പന്നനായതെന്ന വിവരവും കസ്റ്റംസ് ശേഖരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 100 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി കസ്റ്റംസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടേതിന് പുറമെ നഗരത്തിലെ മറ്റു ചില വീടുകളും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
തളങ്കരയിലെ ചില വീടുകളിൽ ഗൾഫിൽ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണ്ണവും കുഴൽപണവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇത് കണ്ടെടുക്കാനുള്ള നിരീക്ഷണവും കസ്റ്റംസ് നടത്തുന്നുണ്ട്. ചിലർ മംഗളൂരു വിമാനത്താവളം വഴി നേരിട്ട് സ്വർണ്ണം പരിശോധനയൊന്നും കൂടാതെ കാസർകോട് എത്തിക്കുന്നുണ്ട്. രാഷ്ട്രീയ നേതാവ് എന്ന പരിഗണനയിലും ഉയർന്ന ബന്ധത്തിന്റെ മറവിലും കസ്റ്റംസും പൊലീസും കൂടുതൽ പരിശോധന നടത്താതെ ഇവരെ കടത്തിവിടുകയാണ് ചെയ്യുന്നതെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. കഴിഞ്ഞ സെപ്തംബർ 30ന് കാസർകോട്ട് 1.20 കോടി രൂപയുടെ കുഴൽപണവും ഒന്നരക്കിലോ സ്വർണവും പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് സംഘം കൂടുതൽ പരിശോധനകൾ നടത്തിവരുന്നത്.
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീൽ (27), തളങ്കര കുന്നിലിലെ ബഷീർ (55), രാമചന്ദ്ര പാട്ടീലിന്റെ സ്വർണക്കടയിലെ ജീവനക്കാരൻ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. രാമചന്ദ്ര പാട്ടീലിന്റെ ബിസിനസ് ഇടപാടുകാരനായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാജു ഭായി എന്നു വിളിക്കുന്ന രാജേന്ദ്ര പവാർ ഒളിവിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജേന്ദ്ര പവാറിന്റെ മംഗളൂരു രമാകാന്ത് തിയേറ്ററിന് സമീപത്തെ രണ്ട് ജൂവലറികളിലും ഇയാളുടെ ഫ്‌ളാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഇവിടെ നിന്നും ലഭിച്ച രേഖകളിലാണ് മേൽപറമ്പിലേയും ബദിയടുക്കയിലെയും നേതാക്കൾക്കുള്ള ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചത്. രാജേന്ദ്ര പവാറിന്റെ ഒരു ജൂവലറിയിൽ സ്വർണം ഉരുക്കും. മറ്റൊരു ജൂവലറി വിൽപന കേന്ദ്രവുമാണ്. ഇതിൽ ഒരു ജൂവലറിയിൽ നിന്നാണ് നിരവധി രേഖകൾ കണ്ടെടുത്തത്. മുംബയിലെ ചിലർക്കും കാസർകോട്ടെ നിരവധി പേർക്കും കുഴൽപണ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഇവർക്ക് ഗൾഫിലും വേരുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവ് പറയുന്നു. റെയ്ഡ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കസ്റ്റംസ് അധികൃതർ തയ്യാറായില്ല. പരിശോധന നടന്നുവരികയാണെന്നും കൂടുതൽ പേർ റാക്കറ്റിൽ ഉൾപെട്ടതായി സംശയിക്കുന്നതായും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.