sabarimala-women-entry

ചെങ്ങന്നൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം നിലയ്ക്കലിൽ കേന്ദ്രീകരിച്ചതോടെ സമരക്കാരെ നേരിടാൻ പമ്പയിലും നിലയ്ക്കലിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന സൂചന പുറത്തുവരുന്നു. തുലാമാസ പൂജയ്ക്ക് പത്ത് ദിവസംമാത്രം ശേഷിക്കെ പ്രതിഷേധം  കത്തിപ്പടരുന്നതിനിടെയാണ് പ്രതിഷേധക്കാരെ നേരിടാനുള്ള നടപടി അധികൃതർ ആലോചിക്കുന്നത്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ പർണശാല കെട്ടി താമസം തുടങ്ങിയാണ് പ്രതിഷേധം. ഇവിടേക്ക് അയ്യപ്പഭക്തരായ പ്രതിഷേധക്കാർ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 144 (നിരോധനാജ്ഞ) പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നത്. മാസപൂജയ്ക്ക് മുൻപായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചെങ്കിലും അടിയന്തര സാഹചര്യത്തിൽ സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കാൻ അറുപതംഗ സംഘത്തെ സുസജ്ജമാക്കും.

എ.ആർ ക്യാമ്പിലെ വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയോഗിക്കാൻ നീക്കം നടക്കുന്ന വിവരം കേരളകൗമുദി ഫ്ളാഷ് കഴിഞ്ഞ നാലിന് റിപ്പോർട്ട് ചെയ്തിരുന്നു. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് തന്ത്രി ഉൾപ്പെടെ എതിർത്ത സാഹചര്യത്തിലാണ് പൊലീസ്, നീക്കത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ പമ്പയിൽ കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. ഇന്ന് ഡി.ജി.പി ദേവസ്വം ബോർഡ് അംഗങ്ങളുമായി ചർച്ച നടത്തും.

ചെങ്ങന്നൂരിൽ നിന്ന് അടുത്തദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ സിനിമാ താരങ്ങളും അണിനിരക്കുമെന്നാണ് സൂചന. തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും ശബരിമലയുമായി ബന്ധപ്പെടുന്ന മറ്റുള്ളവരും ചേർന്ന് ചെങ്ങന്നൂരിൽ നിന്ന് നിലയ്ക്കലിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് നടൻ ദേവൻ, ശ്രീഅയ്യപ്പൻ സിരിയലിൽ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബു, കൊല്ലം തുളസി തുടങ്ങി സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ എത്തുമെന്ന് അറിയുന്നത്. പത്താം തീയതിയോടെയേ പൂർണമായ ചിത്രം വ്യക്തമാകൂ. യാത്രയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് വിവരം.

അതിനിടെ ശബരിമല വിഷയത്തിൽ സി.പി.എമ്മിനുള്ളിലും മുറുമുറുപ്പ് ശക്തമായിട്ടുണ്ട്. അയ്യപ്പഭക്തരായിട്ടുള്ള നിരവധി നേതാക്കൾ അതൃപ്തിയിലാണെന്നാണ് വിവരം. ഇതിൽ പാർട്ടി അംഗമായ തിരക്കഥാകൃത്തും ഇടതുപക്ഷ സ്വതന്ത്രരായി ജയിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടും.