അടൂർ: സ്വർണാഭരണം വാങ്ങിയ ശേഷം ചെക്ക് നൽകി കടയുടമയെ കബളിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സഹകരണ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. പന്തളം തെക്കേക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് മമ്മൂട് പൊങ്ങലടി മക്കാട്ടയ്യത്ത് വീട്ടിൽ വിശാഖ് കുമാറിനെയാണ് (54) അടൂർ പൊലീസ് പിടികൂടിയത്.
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ അക്കൗണ്ടന്റായ വിശാഖ് അടൂർ സൺഷൈൻ വനിത ജൂവലറിയിൽ നിന്ന് 198 ഗ്രാം സ്വർണാഭരണമാണ് വാങ്ങിയത്. ആദ്യം 40,000 രൂപ മാത്രം നൽകി, ബാക്കിയുള്ള ആറ് ലക്ഷം രൂപയ്ക്ക് ജില്ലാ സഹകരണ ബാങ്ക് പത്തനംതിട്ട ശാഖയുടെ ചെക്ക് കൈമാറി. ചെക്കിൽ പലയിടത്തും വെട്ടിത്തിരുത്തൽ ഉണ്ടായിരുന്നതിനാൽ ബാങ്കിൽ നൽകാനായില്ല. ഏറെ നാളായിട്ടും ബാക്കി തുക നൽകിയതുമില്ല. തുടർന്നാണ് ഉടമ സൈമൺ പരാതി നൽകിയത്. വിശാഖിനെ ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രാഥമിക സഹകരണ ബാങ്കിൽ നിയമനം നടത്താമെന്നു പറഞ്ഞ് പലരിൽ നിന്ന് 23 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ വിശാഖിനെതിരെ കേസുണ്ട്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ഇയാൾ മുൻകൂർ ജാമ്യം വാങ്ങിയിട്ടുണ്ട്.