നെയ്യാറ്റിൻകര: സകുടുബം മദ്യപിക്കുന്നതിനിടെ   അമ്മയെ തൊഴിച്ചുകൊന്ന യുവാവിനെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നെയ്യാറ്റിൻകര തൊഴുക്കൽ പുതുലവൽ പുത്തൻവീട്ടിൽ ശ്രീലതയെ(45) കൊലപ്പെടുത്തിയ കേസിൽ റിമാന്റിലായ  മകൻ മോനുവെന്ന മണികണ്ഠനെയാണ്( 22) കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയത്. ആദ്യഭർത്താവായ വിക്ടറുമായി പിരിഞ്ഞ്  രണ്ടാംഭർത്താവായ മണിയനൊപ്പമായിരുന്നു ശ്രീകലയും മണികണ്ഠനും താമസിച്ചിരുന്നത്. സംഭവദിവസം മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ മദ്യം വാങ്ങിയ  പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. പണം നൽകാൻ വിസമ്മതിച്ച ശ്രീലതയെ മണികണ്ഠൻ ഉപദ്രവിച്ചു. മർദ്ദനമേറ്റ് തറയിൽ വീണ ശ്രീലത നെ‌ഞ്ചിൽ ചവിട്ടേറ്റതിനെ തുട‌ർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതത്തിലാണ് മരണപ്പെട്ടത്.  നെയ്യാറ്റിൻകര ഡിവൈ.എസ്. പി ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.