തിരുവല്ല: വിവിധ കൊറിയർ സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്നുലക്ഷത്തിലധികം രൂപയുടെ സ്റ്റിറോയിഡ് ഇനത്തിൽപ്പെട്ട മരുന്നുകൾ പിടികൂടി. 60,000 ആംപ്യൂളുകൾ കുരിശു കവലയിലുള്ള ഒരു പാർസൽ സർവീസിന്റെ ഗോഡൗണിൽ നിന്ന് കണ്ടെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലന്റെ നിർദ്ദേശ പ്രകാരം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.
പഞ്ചാബിൽ നിന്ന് പരുമലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേയ്ക്കാണ് ഒരു വർഷം മുമ്പ് മരുന്ന് പാഴ്സൽ കമ്പനിയിലെത്തിയത്. ആകെ 3,01,889 രൂപയുടെ സ്റ്റിറോയ്ഡുകളാണുള്ളത്. പല തവണ കമ്പനി അധികൃതർ രേഖാമൂലം ബന്ധപ്പെട്ടെങ്കിലും പാഴ്സൽ ഏറ്റെടുക്കാൻ ഇരുകൂട്ടരും തയ്യാറായില്ല. ഡ്രഗ് അതോറിട്ടി ഉദ്യോഗസ്ഥരെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. മരുന്നുകൾ നശിപ്പിച്ചു കളയുമെന്ന് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. സതീഷ് പറഞ്ഞു. സംഭവത്തിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല. പ്രിവന്റീവ് ഓഫീസർമാരായ കെ.പി. അജയകുമാർ, ഒ.എം.പരീദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.ബി. സുമോദ്കുമാർ, കെ.എൻ.ഗിരീഷ്‌കുമാർ, ജി.ആർ. സിനുമോൾ, ഡ്രൈവർ എ.സി. രാമചന്ദ്രമാരാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.