കൊച്ചി: ശബരിമല വിഷയത്തിൽ തുടർ പ്രതിഷേധ പരിപാടികൾ സംബന്ധിച്ച കൂടിയാലോചനകൾക്കായി ആർ.എസ്.എസ് സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.വി ബാബു, ഇ.എസ് ബിജു, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ കുമാർ, അയ്യപ്പസേവാ സമാജം സംസ്ഥാന ഓർഗനൈസിംഗ് കൺവീനർ കാശി വിശ്വനാഥൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമ്പോൾ ക്ഷേത്രത്തിന്റെ ആചാരവും വിശ്വാസവും ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളും കണക്കിലെടുക്കണമെന്നാണ് ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട്. വിധിക്കെതിരെ നിയമപരമായ മാർഗങ്ങൾ തേടാനും തീരുമാനമെടുത്തിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാർ സംഘടനകളും അയ്യപ്പസമാജവും പ്രതിഷേധവുമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു ആർ.എസ്.എസിന്റെ നിലപാട് മാറ്റം. നേരത്തെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആർ.എസ്.എസ് പരസ്യ നിലപാട് എടുത്തിരുന്നു.
അതേസമയം, ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ ആർ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അണികൾ. ആദ്യഘട്ടത്തിൽ വിധിയെ സ്വാഗതം ചെയ്‌തതും മുഖപത്രത്തിൽ സ്‌ത്രീ പ്രവേശനത്തെ ന്യായീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ചതുമാണ് വിവാദമായി യോഗങ്ങളിൽ ഉയരുന്നത്.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ആളിക്കത്തിയതോടെ അണികളെ സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത ആർ.എസ്.എസ് യോഗങ്ങളിലാണ് നേതാക്കൾക്ക് ഇക്കാര്യത്തിൽ മറുപടി പറയേണ്ടി വരുന്നത്. മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ച ശേഷം ഇത് എഴുതിയ ആളുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വിശദീകരിക്കുന്നത് ചില സാധാരണ രാഷ്‌ട്രീയക്കാരുടെ പണിയാണെന്ന് കൊല്ലം ജില്ലയിലെ പ്രമുഖനായ ഒരു ആർ.എസ്.എസ് നേതാവ് പറഞ്ഞു.