കൊച്ചി: ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കത്തി വീശി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ. ഫോർട്ട്കൊച്ചി മൂലങ്കുഴി അത്തിക്കുഴി വീട്ടിൽ സ്റ്റാൻലി ജോസഫ് (76) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാനസിക പ്രശ്നങ്ങളുള്ളയാളാണ് സ്റ്റാൻലി എന്നും മുൻവൈരാഗ്യത്തിന്റെ പേരിലൊന്നുമല്ല ഇയാൾ നടന് നേരെ വധഭീഷണി മുഴക്കിയതെന്നും എറണാകുളം സൗത്ത് റെയിൽവേ പൊലീസ് പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. റെയിൽവേസ്റ്റേഷനിൽ നിൽക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ കത്തിയുമായെത്തിയ സ്റ്റാൻലി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കണ്ണൂരിലേക്ക് പോകാനായി മാവേലി എക്സ് പ്രസ് കാത്ത് നിൽക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇതിനിടെയാണ് നടനുനേരെ വധശ്രമവും അസഭ്യവർഷവും നടത്തിയത്.
ശബ്ദം കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയതിന് ശേഷം കുഞ്ചാക്കോ ബോബൻ പാലക്കാട് റെയിൽവേ പൊലീസ് ഡിവിഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടൻ താമസിക്കുന്ന ഹോട്ടലിലെത്തി മൊഴിയെടുത്തു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെ സ്റ്റാൻലിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.