ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന മണ്ഡല മഹായജ്ഞത്തിൽ ആറു ലക്ഷത്തോളംപേർ ഇതിനോടകം പങ്കെടുത്തു. മഹാസമാധി വളപ്പിലെ വിശ്വശാന്തി ഹവനത്തിലും വൈദികമഠത്തിലെ അഖണ്ഡനാമ ജപയജ്ഞത്തിലുമാണ് ഭക്തജനങ്ങൾ പങ്കാളികളാവുന്നത്. എസ്.എൻ.ഡി.പി യോഗം നിശ്ചയിച്ച സമയക്രമം അനുസരിച്ചാണ് പ്രവർത്തകർ എത്തുന്നത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള യൂണിയനുകളിലെ പ്രവർത്തകർ യജ്ഞത്തിൽ പങ്കാളികളായിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഭക്തജനങ്ങൾ എത്തും. ജപയജ്ഞത്തിലും ഹോമത്തിലും സമൂഹ അർച്ചനയിലും മഹാഗുരുപൂജയിലും അന്നദാനത്തിലും ആചാര്യസ്മൃതി സമ്മേളനത്തിലും പങ്കെടുത്താണ് മടങ്ങുന്നത്. ഒക്ടോബർ 27, 28, 29 തീയതികളിൽ നേതാക്കന്മാരും സാംസ്കാരിക നായകരും യതിവര്യന്മാരും പങ്കെടുക്കുന്ന പരിപാടികൾ നടക്കും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്റി സ്മൃതി ഇറാനി, മുഖ്യമന്ത്റി പിണറായി വിജയൻ തുടങ്ങിയവർ സംബന്ധിക്കും. 31ലെ മഹായതിപൂജയിൽ ഭാരതത്തിലെ വിവിധ ആശ്രമ മഠാധിപതികളും സന്യാസി ശ്രേഷ്ഠരും ഉൾപ്പെടെ ആയിരത്തോളം യതിവര്യന്മാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൂന്ന് ലക്ഷം പേർക്ക് പങ്കെടുക്കാവുന്ന നിലയിൽ സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. ശിവഗിരി പൂർണമായും പ്ലാസ്റ്റിക് മുക്തമായിരിക്കും. ദിവസവും മൂന്നുനേരവും അന്നപ്രസാദം നൽകുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ വിതരണം ചെയ്ത യതിപൂജാ കൂപ്പണുകളുടെ പണം നവതി ആചരണകമ്മിറ്റി ഓഫീസിൽ അടച്ച് രസീത് വാങ്ങുന്ന മുറയ്ക്ക് പ്രസാദവിതരണവും നടന്നു വരുന്നു. ഏഴ് ലക്ഷം പേർക്ക് പ്രസാദം നൽകി. കൽക്കണ്ടം, മുന്തിരി, ഭസ്മം, പ്രാർത്ഥനാപുസ്തകം, വിശ്വശാന്തി ഹവനത്തിന്റെ പ്രസാദം എന്നിവയാണ് നൽകുന്നത്. 25 ലക്ഷംപേർക്കായി പ്രസാദം തയ്യാറായി വരുന്നു. അന്ന പ്രസാദത്തിന് അരി, പച്ചക്കറി, തേങ്ങ തുടങ്ങിയവ ഭക്തജനങ്ങൾ എത്തിക്കുന്നുണ്ട്. എണ്ണ, നെയ്യ്, കർപ്പൂരം, പുഷ്പം ഉൾപ്പെടെയുളള പൂജാദ്രവ്യങ്ങൾ ഗുരുഭക്തർ വഴിപാടായാണ് സമർപ്പിക്കുന്നത്. ഇവ നൽകാൻ ആഗ്രഹിക്കുന്നവർ നവതി ആചരണ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0470 2602221.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്രി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി സച്ചിദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വൈദ്യസഹായം, താമസം, കുടിവെളള വിതരണം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സബ് കമ്മിറ്റി ഭാരവാഹികളായ അജി .എസ്.ആർ.എം, സിനിൽ മുണ്ടപ്പള്ളി, ഡി. പ്രേംരാജ്, രാജേഷ് നെടുമങ്ങാട്, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, കാവേരി രാമചന്ദ്രൻ എന്നിവരും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.