വേൾഡ് ഫെഡറേഷൻ ഒഫ് മെന്റൽ ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടുകൂടി ഇന്ന് ലോകമാനസികാരോഗ്യ ദിനം ആചരിക്കുകയാണ്. 1992ൽ തുടങ്ങിയ ഈ ദിനാചരണത്തിൽ ഇന്ന് നൂറ്റിയമ്പതോളം ലോകരാഷ്ട്രങ്ങൾ പങ്കാളികളാണ്. മാനസികാരോഗ്യത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക, മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരുടെ പരിരരക്ഷ ഉറപ്പുവരുത്തുക, അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും മൂലം മനോഗങ്ങളോടു സമൂഹം വച്ചുപുലർത്തുന്ന ഭ്രഷ്ട് ഇല്ലാതാക്കുക തുടങ്ങിയവയെല്ലാം ദിനാചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. 'യുവാക്കളും മാനസികാരോഗ്യവും - മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ചർച്ചാവിഷയം.
വളരെയധികം ആനുകാലിക പ്രസക്തിയുള്ള വിഷയമാണിത്. ലോകജനസംഖ്യയിൽ നാലിൽ ഒരാൾവീതം മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്തു മുതൽ പത്തൊമ്പതു വയസുവരെ പ്രായമുള്ളവരുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന സാമൂഹ്യബാദ്ധ്യതയുടെ 16 ശതമാനവും മാനസികാരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഭാരതത്തിന്റെയും കേരളത്തിന്റേയും അവസ്ഥയും ഇതിൽനിന്നും വ്യത്യസ്തമല്ല. പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവരിൽ എട്ടിൽ ഒരാൾക്കു വീതം ചികിത്സ ആവശ്യമായ മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് സമീപകാലത്ത് കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടി സംസ്ഥാനത്തു നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. രോഗം മൂലമുള്ള വൈകല്യങ്ങളുടെ മുഖ്യകാരണവും മാനസിക രോഗങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുവജനങ്ങൾ മിക്കപ്പോഴും പലതരം കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കു വിധേയരാവാറുണ്ട്. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പല നിർണായക തീരുമാനങ്ങളും ഈ കാലഘട്ടത്തിൽ എടുക്കേണ്ടതായി വരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. ഈ കാലഘട്ടത്തിൽ നൂതന സാങ്കേതികവിദ്യകൾ മനസിലാക്കി സമൂഹത്തിനൊപ്പം നിൽക്കാനുള്ള ആവശ്യകതയും ഇവരുടെ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
മിക്ക മനോരോഗങ്ങളും കൗമാരപ്രായത്തിലാണ് തുടങ്ങുന്നത്. വിഷാദരോഗം, ആത്മഹത്യാപ്രവണത, മദ്യം - മയക്കുമരുന്നുകളുടെ ദുരുപയോഗവും അതുമൂലമുണ്ടാകുന്ന ശാരീരിക ആരോഗ്യപ്രശ്നങ്ങൾ, അമിതമായ ഉത്കണ്ഠ, സ്‌കിസോഫ്രീനിയ തുടങ്ങിയ ഗുരുതരവും താരതമ്യേന ലഘുവായ മാനസികാരോഗ്യപ്രശ്നങ്ങൾ ഇതിൽപ്പെടുന്നു. നിർഭാഗ്യവശാൽ ഇവ യഥാസമയം കണ്ടെത്തി ചികിത്സിക്കാൻ മിക്കപ്പോഴും കഴിയുന്നില്ല എന്നതാണ് വസ്തുത.
ഭാരതത്തിലെ ജനസംഖ്യയിൽ മുപ്പതു ശതമാനവും യുവാക്കളാണ്. ആകയാൽ യുവാക്കളുടെ മാനസികാരോഗ്യം പരിരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. രാഷ്ട്രനന്മയ്ക്കായി ആരോഗ്യമുള്ള തലമുറ ഉണ്ടാകണം. യുവാക്കളുടെ മാനസികാരോഗ്യം പരിരക്ഷിക്കുന്നതിനും മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിനും ഉതകുന്ന പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. നിത്യജീവിതത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ആരോഗ്യകരമായി പരിഹരിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന പരിശീലനം സ്കൂൾതലത്തിൽത്തന്നെ തുടങ്ങേണ്ടതാണ്. ശരിയായ പരിശീലനം ലഭിച്ച സ്കൂൾ കൗൺസിലർമാരെ എല്ലാ വിദ്യാലയങ്ങളിലും നിയമിക്കേണ്ടതുണ്ട്. രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും സ്‌കൂൾ കൗൺസിലർമാരുടെയും കൂട്ടായ ശ്രമത്തിലൂടെ ഇതു സാധിക്കും.
മതിയായ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സഹായത്തോടുകൂടി മാനസികാരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ രോഗാരംഭത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിയും. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്ന ജില്ലാ മാനസികാരോഗ്യപരിപാടിയിലൂടെ ഇത് നടപ്പിലാക്കാം. സാമൂഹ്യക്ഷേമവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹ്യ പ്രതിബദ്ധതയുള്ള സർക്കാരിന്റെയും കൂട്ടായ പരിശ്രമം ഇതിന് അനിവാര്യമാണ്.
( ലേഖകൻ തിരുവനന്തപുരം ശ്രീകാര്യം ഐ.എം.ബി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ആൻഡ് സൈക്ര്യാട്രിസ്റ്റാണ് ഫോൺ: 9020420925 )