തിരുവനന്തപുരം: തലസ്ഥാനത്തെ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് തുരുമ്പിച്ച ഉന്തുവണ്ടികളിൽ! കാലപ്പഴക്കം ചെന്ന ഉന്തുവണ്ടികൾ മുമ്പ് ആശുപത്രിയിൽ മാലിന്യ നീക്കത്തിന് ഉപയോഗിച്ചതും. ഇത്രയും ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടും അധികൃതർക്ക് അനക്കമില്ല.
ഭക്ഷണം കൊണ്ടുപോകാൻ ഒരുതരത്തിലും യോഗ്യമല്ലാത്ത ഉന്തുവണ്ടികളിൽ അടപ്പുള്ള സ്റ്റീൽ പാത്രങ്ങളിൽ നിറച്ചാണ് പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ രോഗികൾക്ക് വിതരണം ചെയ്യാൻ വാർഡുകളിൽ എത്തിക്കുന്നത്. ഭക്ഷണ വിതരണത്തിൽ ഉൾപ്പെടെ അങ്ങേയറ്റം ശുചിത്വം പാലിക്കേണ്ടതാണ് ആശുപത്രികൾ. എന്നാൽ, മാനസികാരോഗ്യ കേന്ദ്രത്തിൽ ഇത് പാലിക്കുന്നില്ല. മൂടിയുള്ള സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ കൊണ്ടുപോകാൻ തുരുമ്പിച്ച ഉന്തുവണ്ടികൾ ഉപയോഗിക്കുന്നത് അറപ്പുള്ള കാഴ്ചയാണ്. എന്നിട്ടും മാസങ്ങളായി ഇതാണ് ആശുപത്രിയിൽ തുടരുന്നത്. വളരെ ലാഘവത്തോടെയാണ് രോഗികൾക്കുള്ള ഭക്ഷണ വിതരണ കാര്യങ്ങൾ ആശുപത്രി അധികൃതർ കാണുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഭക്ഷണ വിതരണത്തിന് നേരത്തെ ഉപയോഗിച്ചിരുന്ന വാഹനം കേടായതിനെ തുടർന്നാണ് ആശുപത്രിയിൽ മാലിന്യം നീക്കം ചെയ്തിരുന്ന ഉന്തുവണ്ടികൾ ഉപയോഗിക്കുന്നതത്രേ. ഇവ കഴുകി വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എന്നാൽ കാഴ്ചയിൽ അത് പ്രകടമല്ല. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ \'ഫ്ളാഷി\'ന് ലഭിച്ചു.
ആശുപത്രിയിൽതന്നെയാണ് രോഗികൾക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണ വിതരണത്തിന്റെ സമയമാകുമ്പോൾ പാചകപ്പുരയിലേക്ക് ഈ ഉന്തുവണ്ടികളുമായി ജീവനക്കാർ എത്തും. സഹായത്തിന് രോഗം ഭേദമായ അന്തേവാസികളും ഉണ്ടാകും. ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലാക്കി വണ്ടിയിൽ വയ്ക്കും. ഒാരോ വണ്ടിയിലും രണ്ടോ മൂന്നോ പാത്രങ്ങൾ അടുക്കിവച്ചാണ് വാർഡുകളിൽ എത്തിച്ച് രോഗികൾക്ക് വിതരണം ചെയ്യുന്നത്. പത്തോളം ഉന്തുവണ്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്. മിക്കതും പെയിന്റ് ഉൾപ്പെടെ ഇളകി തുരുമ്പിച്ചവയാണ്. ഉൾഭാഗം നന്നായി തുരുമ്പെടുത്ത വണ്ടികളും കൂട്ടത്തിലുണ്ട്. ചിലതിന്റെ വശങ്ങൾ പൊട്ടിപോയതിനാൽ അത്യാവശ്യം പേച്ച് വർക്ക് ചെയ്താണ് ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തിൽതന്നെ അറിയാം ഇവ ഭക്ഷണം കൊണ്ടുപോകാൻ പറ്റിയ വണ്ടികളല്ലെന്ന്.
വാഹനം കട്ടപ്പുറത്ത്
36 ഏക്കറിലായി ആശുപത്രി വ്യാപിച്ചു കിടക്കുന്നതിനാൽ വാർഡുകളിൽ ഭക്ഷണം എത്തിക്കാൻ അടച്ചുമൂടിയ വാഹനമുണ്ട്. എന്നാൽ മാസങ്ങളായി ഇത് കട്ടപ്പുറത്താണ്. ഒരു തവണ അറ്റകുറ്റപ്പണി നടത്തി ഒാടാൻ യോഗ്യമാക്കിയെങ്കിലും വൈകാതെ പഴയപടിയായി. അതിനാൽ വാഹനം നന്നാക്കുന്നതുവരെ ഉന്തുവണ്ടികൾ ഉപയോഗിക്കുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഉപയോഗം താത്കാലികം
ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനം നന്നാക്കുന്നതുവരെ താത്കാലികമായാണ് ഉന്തുവണ്ടികൾ ഉപയോഗിക്കുന്നത്. വാഹനം സർവീസ് നടത്താൻ യോഗ്യമായാൽ ഇവ പിൻവലിച്ച് ഭക്ഷണവിതരണം പഴയ പടിയിലാക്കും.
ഡോ. ടി. സാഗർ, സൂപ്രണ്ട്, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം