kerala-flood-2018വീണ്ടുമൊരു പ്രകൃതിക്ഷോഭ ഭീഷണിയിൽ നിന്ന് സംസ്ഥാനം മുക്തമായത് ചെറുതല്ലാത്ത ആശ്വാസമാണ് ജനങ്ങൾക്ക് സമ്മാനിച്ചത്.  എന്നാൽ ആഗസ്റ്റ് മാസമുണ്ടായ  രൂക്ഷമായ പ്രളയക്കെടുതികൾ പതിനായിരക്കണക്കിന് കുടുംബങ്ങളെ  ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ  ഒട്ടനവധിയാണ്.  ദുരന്തമുണ്ടായിട്ട് രണ്ടുമാസമായി. അടിയന്തര സഹായം പ്രതീക്ഷിച്ച് സർക്കാർ ഒാഫീസ് കയറിയിറങ്ങുന്നവർ പ്രളയബാധിത പ്രദേശങ്ങളിൽ  ഇപ്പോഴുമുണ്ടെന്ന വേദനിപ്പിക്കുന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണ്. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം  മാദ്ധ്യമങ്ങളിൽ വന്ന വാർത്താശകലം.  സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായം തേടി പുന്നപ്ര വടക്ക് പഞ്ചായത്തിലെ താമസക്കാരിയായ സരോജിനി  എന്ന  എൺപതുകാരി പറവൂർ വില്ലേജ് ഒാഫീസ് കയറിയിറങ്ങിയത് അഞ്ചുദിവസമാണ്.  മുൻ മുഖ്യമന്ത്രിയും സി.പി. എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ  സഹോദര പത്‌നിയാണവർ. പ്രളയകാലത്ത് ഇവരുടെ വീട്ടിലും വെള്ളം കയറിയിരുന്നു.  ഉദ്യോഗസ്ഥർ അന്ന് വീട്ടിലെത്തി സഹായ ധനത്തിനുള്ള  അർഹത രേഖപ്പെടുത്തി മുകളിലേക്ക് റിപ്പോർട്ട് നൽകിയതാണ്. സഹായധനം പക്ഷേ ഒന്നരമാസമായിട്ടും ലഭിച്ചില്ല. വാർത്ത വന്നതോടെ എല്ലാം വേഗത്തിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കകം തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നാണ് അധികൃതർ ഞായറാഴ്ച അറിയിച്ചത്.  അർഹരായവരുടെ  പട്ടികയിൽ  ചില പേരുകൾ ആവർത്തിച്ചുവന്നതിന്റെ പേരിൽ കൂടുതൽ സൂക്ഷ്മ പരിശോധന വേണ്ടിവന്നതിനാലണത്രെ സഹായ വിതരണത്തിന്  കാലതാമസമുണ്ടായതെന്നാണ്  വിശദീകരണം. സരോജിനിയെപ്പോലെ സഹായം ലഭിക്കാത്തവർ വേറെയുമുണ്ട്. ഇവർക്കെല്ലാം ഇൗ പതിനഞ്ചാം  തീയതിക്കകംസഹായം ലഭിക്കുമെന്നാണ് തഹസിൽദാരുടെ ഉറപ്പ്.  സർക്കാർ ഒാഫീസുകളിലെ സ്വതസിദ്ധമായ കാലതാമസം  എന്നതിലുപരി വലിയ വീഴ്ചയായിത്തന്നെ  ഇതിനെ കാണണം.  കാരണം അടിയന്തര സഹായമെന്ന ഗണത്തിൽപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണത്തിൽ ഒരുവിധ കാലതാമസവും വരാതെ നോക്കേണ്ടത് ഉദ്യോഗസ്ഥന്മാരുടെ പ്രധാന ചുമതലയായിരുന്നു.  പട്ടിക തയ്യാറാക്കലും അതിന്റെ പരിശോധയുമൊക്കെ പൂർത്തിയാക്കുക അത്ര ശ്രമകരമായ കാര്യമൊന്നുമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചുമതലാ ബോധം കാണിക്കാത്തതുകൊണ്ടാണ് ഇത് സംബന്ധിച്ച് ഇപ്പോഴും പരാതി ഉയരുന്നത്.

ദുരിതബാധിതരെ നാനാവിധത്തിലും സഹായിക്കുന്നതിൽ സർക്കാർ സ്തുത്യർഹമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഘട്ടമാണിത്. സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സമയമെടുക്കും.  എന്നാൽ പ്രളയത്തിൽ സർവ്വതും  നഷ്ടപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കാത്തിരിപ്പ് ഏറെ പ്രയാസമുള്ള കാര്യംതന്നെയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ കിടപ്പാടങ്ങൾ പൂർണമായും  നശിച്ചിട്ടുണ്ട്. ഏത് നിമിഷവും വീഴാവുന്ന നിലയിലായ വീടുകളും അനേകമാണ്. ഇൗ വിഭാഗത്തിൽപ്പെടുന്നവരുടെ പുനരധിവാസം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുത്.  പുനരധിവാസത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.  അതിൻപ്രകാരമുള്ള നടപടികൾ വേഗത്തിലാക്കുകയാണ് ഇനി വേണ്ടത്. കിടപ്പാടങ്ങൾ  നഷ്ടപ്പെട്ടവർക്ക്  ഒരുദിവസം മുമ്പേ അത് നിർമ്മിച്ചുനൽകിയാൽ വലിയ പുണ്യമായിരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾ പ്രഥമ പരിഗണന നൽകേണ്ടതും വീടുകൾ നഷ്ടപ്പെട്ടവരുടെ ആവശ്യങ്ങൾക്കായിരിക്കണം. ഫണ്ട് പ്രശ്നമല്ലാത്തത് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകാൻ സഹായിക്കും. നിർവ്വഹണത്തിലാണ് കൂടുതൽ ശ്രദ്ധ പതിയേണ്ടത്.

പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കായി ലക്ഷംരൂപയുടെ പലിശ രഹിതവായ്പാപദ്ധതി പ്രഖ്യാപിച്ചിരുന്നു. അതേച്ചൊല്ലിയും ധാരാളം പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുമായി ബന്ധപ്പെടുത്തിയാണ് വായ്പാ വിതരണമെന്നതിനാൽ അംഗങ്ങളല്ലാത്തവർക്ക് അത് ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പണം  നൽകുന്നത് ബാങ്കുകളായതിനാൽ അവർ ആവശ്യപ്പെടുന്ന വ്യവസ്ഥകളെല്ലാം പാലിക്കേണ്ടതുണ്ട്. എളുപ്പം പരിഹരിക്കാവുന്നവയാണ് പലതും. അർഹതയുണ്ടായിട്ടും വായ്പ ലഭിക്കാതെ വന്നാൽ പരാതിയും അമർഷവും പ്രതിഷേധവുമൊക്കെ  അണപൊട്ടിയൊഴുകും. പേരുദോഷമുണ്ടാക്കാതെ പരിഹരിക്കേണ്ട പ്രശ്നങ്ങളാണിതൊക്കെ.

പ്രളയബാധിത പ്രദേശങ്ങളിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി . റോഡുകൾ, നിർമ്മിതികൾ, കൃഷി തുടങ്ങിയ മേഖലകൾക്കുണ്ടായ  നാശനഷ്ടങ്ങൾ അതിഭീമമായതിനാൽ വർഷങ്ങൾ വേണ്ടിവരും എല്ലാം പഴയപടിയാക്കാൻ.  ആഭ്യന്തരമായി വിഭവങ്ങൾ ശേഖരിച്ചും വിദേശ ഏജൻസികളിൽ നിന്നും വായ്പ എടുത്തുമൊക്കെ  പുനർനിർമ്മാണ പ്രവർത്തനങ്ങൾ  നടത്താനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വിദേശത്തുള്ള മലയാളികളിൽനിന്ന് സഹായം  തേടാനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തയാഴ്ച പര്യടനത്തിന് ഇറങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നല്ലതോതിൽ സംഭാവനകൾ  ലഭിച്ചിട്ടുണ്ട്. എന്നാൽ ആവശ്യങ്ങളുമായി  തട്ടിച്ചുനോക്കുമ്പോൾ ഇത്  ഒന്നിനും തികയുകയില്ല. പ്രളയത്തിൽ വിവിധ മേഖലകൾക്കുണ്ടായ നാശനഷ്ടത്തിന്റെ വിശദ റിപ്പോർട്ട് കേന്ദ്രത്തിന്  സമർപ്പിച്ചിട്ട് ഏറെ ദിവസങ്ങളായി. പരമാവധി സഹായം നൽകുമെന്ന വാഗ്‌ദാനം നിറവേറിയിട്ടില്ല. നിരന്തരമുള്ള സമ്മർദ്ദം കൊണ്ടേ കേന്ദ്രം കണ്ണുതുറക്കുകയുള്ളൂ എന്നാണ് മുൻകാല അനുഭവം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ  തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് ലഭിക്കേണ്ട സഹായം വച്ചുതാമസിപ്പിക്കാൻ ഇടയാകരുത്.

ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ഇടയ്ക്കിടെ പരസ്യമാക്കുന്നത് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. അനാവശ്യമായ വിവാദങ്ങളും ആരോപണങ്ങളും  അതിലൂടെ  ഒഴിവാക്കാം. സർക്കാരിന്റെ ഒാരോ ചെയ്തികളും സസൂക്ഷ്മം വീക്ഷിച്ച് ആരോപണത്തിന് നോമ്പുനോറ്റിരിക്കുന്നവർ  ധാരാളമുണ്ട്.  പ്രളയകാലത്ത് ദൃശ്യമായ ഒത്തൊരുമയും സാഹോദര്യവും സഹായ മനസ്ഥിതിയുമൊക്കെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.