letter-to-the-editorനീതിനിർവഹണം ഏറ്റവും വേഗത്തിൽ ലഭ്യമായ സാഹചര്യങ്ങളിൽ നടപ്പാക്കുക എന്നതാണ് ഏതൊരു ഭരണാധികാരിയുടെയും പ്രധാന ഉത്തരവാദിത്തം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വിവേചനം അവസാനിപ്പിക്കാൻ സൗകര്യമൊരുക്കിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിക്കുകയുണ്ടായി.

സ്ത്രീവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയും അതിനവസരം ലഭിച്ചപ്പോൾ അത് തടസ്സപ്പെടുത്തുന്ന നടപടികളുമാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഈ സന്ദർഭത്തിൽ ജാതിവിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള 2002ലെ സുപ്രീം കോടതി വിധി ഏവരും ശ്രദ്ധിക്കേണ്ടതാണ്. ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി പരിമിതപ്പെടുത്തിയത് മൗലികാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവും നീതിക്കു നിരക്കാത്തതുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി തവണ പരാതികളുണ്ടായിട്ടും ഇടതു-വലതു സർക്കാരുകളൊന്നും അതിന്മേൽ തുടർ നടപടി സ്വീകരിച്ചില്ല. ഈ വർഷവും മലയാള ബ്രാഹ്മണരിൽ നിന്ന് മാത്രമാണ് ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗവൺമെന്റ് ആ നടപടി അടിയന്തരമായി റദ്ദാക്കി അർഹതയും യോഗ്യതയുമുള്ള ഇതര ഹിന്ദു സമുദായത്തിൽപ്പെട്ടവരെയും പരിഗണിക്കണം.

ദേവസ്വം ബോർഡിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതസ്ഥാപനങ്ങളല്ല. അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ മുസ്ളിം, ക്രിസ്ത്യൻ അടക്കം എല്ലാ മതവിഭാഗങ്ങളിലും പെട്ടവരാണ്. ആ സ്ഥാപനത്തിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. എന്നാൽ, അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങൾക്ക് ഹിന്ദുക്കളിൽ നിന്ന് മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നതും അവസരം നൽകുന്നതും. ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സംവരണം അനുവദിക്കണമെന്നാണ് ഇടതുപക്ഷ ഗവൺമെന്റിന്റെ നയമെന്ന് പലപ്പോഴും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അദ്ധ്യാപക നിയമനത്തിന് ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നടപടികൾ സംവരണം പാലിക്കാതെയാണ്.

ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ദളിത് -പിന്നാക്ക സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ട് നീതിനിർവഹണത്തിന് സർക്കാർ തയ്യാറാവണം. ഇത്തരം നടപടികളിലൂടെ പൊതുസമൂഹത്തിന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും വിശ്വാസമാർജ്ജിക്കാനും ഈ വിഷയങ്ങളിൽ സർക്കാരിനും ഇടതുപക്ഷ പാർട്ടികൾക്കുമുള്ള ആത്മാർത്ഥത തെളിയിക്കാനും തയ്യാറാവണം. ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയവുമായി ബന്ധപ്പെട്ട് പട്ടിക-പിന്നാക്ക ജനവിഭാഗങ്ങളെയും കൂട്ടി തെരുവിലേക്കിറങ്ങുന്ന സവർണ താത്പര്യക്കാർ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തിലും ദേവസ്വം ബോർഡിനു കീഴിലുള്ള അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങളിലും നടത്തുന്ന ജാതി-മതവിവേചനം കൂടി ഇല്ലാതാക്കാൻ ഊർജ്ജിതമായി ശ്രമിക്കേണ്ടതാണ്.

വി.ആർ. ജോഷി

കോ- ഓർഡിനേറ്റർ

നാഷണൽ ഫോറം ഫോർ എൻഫോഴ്സ്‌മെന്റ് സോഷ്യൽ ജസ്റ്റിസ്