അൻപത്തിരണ്ടുതവണ ശബരിമല കയറിയ അനുഭവത്തിൽ നിന്ന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ കാലിക പ്രാധാന്യം ഉണ്ടെന്ന് കരുതുന്നു. ലിംഗഭേദമെന്യേ ഏവർക്കും ശബരിമല ദർശനം ആകാം എന്ന സുപ്രീംകോടതി വിധിക്കെതിരെ കാഹളമുയർത്തിയിട്ട് കാര്യമില്ല എന്നുതന്നെയാണ് ഇൗ ലേഖകന്റെ എളിയ അഭിപ്രായം.
സുപ്രീംകോടതിവിധി പല സാദ്ധ്യതകൾക്കും വഴിതെളിക്കുന്നു. ഇതര മതസ്ഥാപനങ്ങളിലെ ലിംഗ ജാതി വിവേചനങ്ങൾക്ക് അറുതിവരുത്താൻ ഇൗ വിധി സഹായകമാകും. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പിൽ കേരള ഹൈക്കോടതി ആർജ്ജിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് അധികാരം ഭരണഘടനയുടെ ലംഘനമാണെന്നൊരു വിധി സുപ്രീംകോടതിയിൽനിന്നു നേടിയെടുക്കാൻ ഇനി അനായാസമാകും.
ഇനി വിധിയിൽനിന്നു നേടാവുന്ന സാമ്പത്തിക നേട്ടങ്ങൾ പരിശോധിക്കാം. ജനസംഖ്യയിൽ പകുതിയിലേറെയുള്ള സ്ത്രീകൾകൂടി പങ്കെടുക്കുമ്പോൾ ശബരിമലയിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടും. വരുമാനവും വർദ്ധിക്കും. വൃശ്ചികം ധനുമാസങ്ങളിലും മാസാരംഭത്തിലെ അഞ്ചുനാളുകളിലുമായി ആണ്ടിൽ 110 ദിവസമാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നിരിക്കുന്നത്. ഇതിനിടെ മണ്ഡലകാലപൂജ കഴിഞ്ഞ് ഭക്തജനത്തിരക്കിലും അഞ്ചുനാളുകൾ അമ്പലം അടച്ചിടുന്ന തികച്ചും യുക്തിരഹിതമായ ആചാരവും നിലവിലുണ്ട്. ആദ്യം വേണ്ടത് മറ്റു മുഖ്യ ക്ഷേത്രങ്ങൾപോലെ ശബരിമലയിലും ആണ്ടുമുഴുവൻ ദർശനം അനുവദിക്കുകയാണ്. സമാനരീതിയിൽ ഖ്യാതിയുള്ള ജമ്മുവിലെ വൈഷ്ണവ ദേവീക്ഷേത്രം ഇൗ ലേഖകൻ സന്ദർശിച്ചപ്പോൾ ബേസ് സ്റ്റേഷനായ കത്‌വായിൽ ആയിരത്തിൽപ്പരം ചെറു ഹോട്ടലുകൾ കാണാനിടയായി. ശബരിമലയിൽ ഇന്നും താമസസൗകര്യം പേരിനുപോലുമില്ല. കാരണം ഹോട്ടലുകൾ തുടങ്ങിയാൽ ആണ്ടിൽ മുക്കാൽ ഭാഗവും അടച്ചിടേണ്ടിവരുന്നു. ഇൗ തീരുമാനങ്ങൾ എടുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനം ദേവപ്രശ്നവും തന്ത്രി വാക്യവും കണക്കിലെടുത്തുമാത്രം തീരുമാനങ്ങളെടുക്കുന്നത് വീണ്ടും കോടതി കയറാൻ ഇടം നൽകലായിരിക്കും. ഇപ്പോൾ നിലവിലുള്ള ബോർഡ് ഭരണത്തിലുള്ള സർക്കാരുമായി സംഘട്ടനങ്ങൾ ആഗ്രഹിക്കുന്നില്ലായെന്നത് തികച്ചും ആരോഗ്യപരം.
വിമോചന സമരകാലത്തെന്നപോലെ രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്ക് ലക്ഷ്യമാക്കി ജനവികാരം ആളിക്കത്തിക്കാൻ ശ്രമിച്ചാൽ അവർക്ക് രക്ഷകനായി കേന്ദ്രത്തിൽ സർക്കാർ പ്രത്യക്ഷപ്പെടുമെന്ന് ഇന്ന് കരുതേണ്ട. ഇൗ ഉമ്മാക്കി കണ്ടുപേടിച്ച് സംസ്ഥാന ഭരണവർഗം വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വഴുതിവീണാൽ അതാകും ആധുനിക കേരളം അനുഭവിക്കേണ്ടിവരുന്ന ദയനീയമായ രാഷ്ട്രീയ സുകൃതക്ഷയം.
ലേഖകന്റെ ഫോൺ : 9387804668.