article

സുസ്ഥിര ഭവനനിർമ്മാണം എന്നത് ജനങ്ങളുടെ ജീവിത നിലവാരം സാമൂഹ്യ - സാമ്പത്തിക -ക്ഷേമ വികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. 2016 ലെ ഹാബിറ്റാറ്റ് - 3 ന്റെ പുതിയ നഗരവത്കരണ അജണ്ടയിൽ ഭവനനിർമ്മാണം തന്നെയായിരുന്നു കേന്ദ്രവിഷയം. ഐക്യരാഷ്ട്രസഭയുടെ 1948 ലെ സർവ ലൗകിക സാർവത്രിക മനുഷ്യാവകാശ പ്രസ്താവനയിൽ അടിവരയിട്ടു പറഞ്ഞത് കിടപ്പാടവും പാർപ്പിടവും മനുഷ്യന്റെ മൗലിക അവകാശമാക്കണമെന്നാണ്. ഏഴ് ദശാബ്ദങ്ങൾക്കുശേഷം ലോകസാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഇൗ ലക്ഷ്യം കൈവരിക്കാൻ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര ഭവനനിർമ്മാണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് 18.78 ദശലക്ഷം വീടുകൾ പുതുതായി നിർമ്മിക്കണം.

ഇൗ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് നാം അഭിമുഖീകരിച്ചത്. നിശ്ചയദാർഢ്യമുള്ള സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞു. പ്രളയം വരുത്തിയ കെടുതികളിൽ നിന്നും നാം കരകയറുകയാണ്. അടുത്ത ഘട്ടം പുനർനിർമ്മാണമാണ്. തകർന്നതെല്ലാം അതേപടി നിർമ്മിക്കലല്ല നവകേരള നിർമ്മിതി.

60 ആണ്ട് പൂർത്തിയാക്കിയ ഐക്യകേരളത്തിന്റെ തനതായ വികസന മാതൃകയുടെ നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെ ഭവനനിർമ്മാണ മേഖലയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. 1957 ലെ ഭൂപരിഷ്കരണത്തിലൂടെയും 1970 ൽ ജന്മിത്തം അവസാനിപ്പിച്ചതിലൂടെയും മലയാളി കൈവരിച്ച ആത്മവിശ്വാസവും അഭിമാനബോധവും ഭവനനിർമ്മാണ മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. മലയാളി ഇൗ കാലയളവിൽ ആർജ്ജിച്ച സാമൂഹികവും വൈജ്ഞാനികവും സാമ്പത്തികവുമായ കരുത്ത് വിളംബരം ചെയ്യുന്നതാണ് കേരളത്തിൽ നിർമ്മിക്കപ്പെട്ട ഭവനങ്ങളെല്ലാം. എന്നാൽ ക്രമേണ ആർഭാടവും പൊങ്ങച്ചവും ഒൗദ്ധ്യതവും നമ്മുടെ മനസിലേക്കും അതുവഴി വീടുകളിലേക്കും കടന്നുവന്നു. കമ്പോളവൽക്കരണത്തിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്തെയാകെ സ്വാധീനിച്ചത് വഴി നമ്മുടെ വികസന സങ്കല്പങ്ങൾ വിനാശകരമായ മാറ്റങ്ങൾക്ക് വിധേയമായി. കൃഷിഭൂമിയും തണ്ണീർത്തടവും നെൽവയലും, കാടും കുന്നും മലയും പുഴയും കുളവും കായലും നാം കൈയേറി കെട്ടിടങ്ങളും റോഡുകളും പാലങ്ങളും എയർപോർട്ടുകളും ബസ് സ്റ്റാൻഡുകളും നിർമ്മിച്ചു. പരിസ്ഥിതി സൗഹൃദമല്ലാത്ത വികസന സങ്കല്പങ്ങൾക്ക് പിന്നാലെ നടന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥവൃന്ദവും പരിസ്ഥിതി വിരുദ്ധ നിർമ്മാണങ്ങൾക്ക് മാന്യത ചാർത്തിക്കൊടുത്തു. പക്ഷേ, പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിൽ ഇൗ വികസന കുമിളകളെല്ലാം പൊട്ടിപ്പോകുന്നത് നാം കണ്ടു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങാത്ത നിർമ്മിതികളൊന്നും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കില്ല എന്ന സമീപകാലപാഠം ആയിരിക്കണം ഇനിയങ്ങോട്ടുള്ള നിർമ്മാണ പ്രക്രിയയ്ക്ക് ദിശാബോധം പകരേണ്ടത്.

പ്രളയത്തിനുശേഷമുള്ള ഘട്ടം പുനർനിർമ്മാണമാണ്. നവകേരളത്തിൽ വെറും ഭവനനിർമ്മാണമല്ല , നവസമൂഹ നിർമ്മാണമാണ് നടക്കേണ്ടത്. വികസന പ്രക്രിയയിൽ നാം അനുവർത്തിച്ചുവന്ന തെറ്റുകൾ ഇനിയും ആവർത്തിക്കണമോ അതോ ഭാവിതലമുറയ്ക്ക് ഉപകാരപ്പെടുംവിധം പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമോ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. വികസനത്തെ സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വികസന പ്രക്രിയയിലേക്ക് പോകുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും വേണം. നിയന്ത്രണമില്ലാത്ത വികസന പ്രവർത്തനങ്ങൾ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. റവന്യുവകുപ്പിന്റെ കണക്കനുസരിച്ച് ഏകദേശം 15000 വീടുകളാണ് ഇൗ പ്രളയകാലത്ത് പൂർണമായി തകർന്നത്. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 125000 ഒാളംവരും. ഇവ വാസയോഗ്യമാക്കണമെങ്കിൽ വൻതോതിലുള്ള അറ്റകുറ്റപ്പണിയും പുനർനിർമ്മാണവും ആവശ്യമായി വരും. ഭവന നിർമ്മാണ സാമഗ്രികളുടെ വലിയ ആവശ്യമാണ് സംസ്ഥാനത്തിനകത്ത് ഉയർന്നുവരിക. ഇത് നേരിടുന്നതിന് ബദൽ നിർമ്മാണ മാർഗങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു.

മാറണം നിർമ്മാണശീലങ്ങൾ

കേരളത്തിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് നാം തുടർന്നുവരുന്ന പൊതുശീലത്തിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനും സൗകര്യത്തിനുമുള്ള വീട് എന്നതിന് പകരം ആർഭാടത്തിനും പൊങ്ങച്ചത്തിനും ഉള്ളത് എന്ന നിലയ്ക്ക് വീടുകൾ നിർമ്മിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. എല്ലാവർക്കും പാർപ്പിടം ഒരുക്കുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഭാവിയിലെ വീടുകൾ എങ്ങനെയായിരിക്കണമെന്നും എവിടെയായിരിക്കണമെന്നത് സംബന്ധിച്ച് ഒരു പൊതുനിലപാട് രൂപീകരിക്കേണ്ടതുണ്ട്. എല്ലാ സ്ഥലങ്ങളിലും അനിയന്ത്രിതമായ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകാൻ ഇനി കഴിയില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന നിലപാടായിരിക്കും സർക്കാർ പൊതുവെ സ്വീകരിക്കുന്നത്. ജനസംഖ്യാ വർദ്ധനവിന് അനുസരണമായി വീടുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വീടുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കാനുള്ള ഉപാധികളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പ്രാഥമികമായി ഭാവിയിൽ നിർമ്മിക്കുന്ന വീടുകൾ ചെലവ് കുറഞ്ഞതും ഉൗർജ്ജക്ഷമവും പരിസ്ഥിതി സൗഹൃദവും ദുരന്ത പ്രതിരോധ ശേഷിയുള്ളതും ആയിരിക്കാൻ നാം നിഷ്കർഷത പുലർത്തേണ്ടിയിരിക്കുന്നു. വീടുകളുടെ നിർമ്മാണം എങ്ങനെ എവിടെ എന്ന കാര്യത്തിൽ പൊതു സമൂഹവും ഒരു പുനർ ആലോചന നടത്താൻ തയ്യാറാകണം. ഭാവിയിലെ ഒാരോ നിർമ്മാണ പ്രവർത്തനവും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നതും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാപ്തവുമായിരിക്കണം.

പ്രകൃതിവിഭവങ്ങൾ നാടിന്റെ പൊതു സമ്പത്താണ്. ധനലഭ്യത പ്രകൃതി വിഭവ ചൂഷണത്തിനുള്ള ലൈസൻസ് അല്ല. അതുകൊണ്ടു തന്നെ ധനം ചെലവഴിക്കാനുള്ള സാധ്യത ഉണ്ട് എന്നതുകൊണ്ട് മാത്രം പ്രകൃതി വിഭവങ്ങളെ ഇഷ്ടംപോലെ ചൂഷണം ചെയ്തുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ല. സാമ്പത്തിക അസമത്വം എന്നത് സാധാരണക്കാരന്റെ തലയ്ക്കുമീതെ ഒരു കൂരയെന്നുള്ള ആഗ്രഹത്തിന് തടസമാകുന്ന വിധത്തിലുള്ള വിഭവ ദാരിദ്ര്യത്തിനുള്ള കാരണമാകരുത്. നവകേരള നിർമ്മിതിക്കുള്ള പദ്ധതികൾക്ക് രൂപം നൽകുമ്പോൾ വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന് മുൻഗണന നൽകും. സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിറുത്താൻ ഉതകുന്ന ഒരു ഭവനനിർമ്മാണ സംസ്കാരം രൂപപ്പെടുത്താനുള്ള കടമയെക്കുറിച്ചാണ് ഇക്കഴിഞ്ഞ ലോകപാർപ്പിടദിനം നമ്മെ ഒാർമ്മപ്പെടുത്തുന്നത്.