കിളിമാനൂർ: ശബരിമല വിഷയത്തിൽ എ.കെ. ആന്റണി മൗനം വെടിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുവന്ന ഈ ഘട്ടത്തിൽ ആന്റണി നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാം മൈൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്മാ രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് വിരുദ്ധത മാത്രം മനസിൽ സൂക്ഷിക്കുന്ന കോൺഗ്രസ് നിലപാടുകൾ പുനരാലോചിക്കാൻ തയ്യാറാകണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 2007 ലെ എൽ.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പിണറായി സർക്കാർ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. അന്ന് നൽകിയ സത്യവാങ്മൂലത്തിൽ ഒരു കമ്മിഷനെ വച്ച് പ്രശ്നം വിശദമായി പരിശോധിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. ആ നിലപാടിൽ നിന്ന് ഈ സർക്കാർ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ. സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി, വി. ജോയി എം.എൽ.എ, സി.പി.എം ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ലൈന ടീച്ചർ, ജി. ഉണ്ണികൃഷ്ണൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്മാ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജി. വിജയകുമാർ സ്വാഗതവും ബേബിരവീന്ദ്രൻ നന്ദിയും പറഞ്ഞു.