mampalam

ശിവഗിരി: ആധുനിക ഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വഗുരുവാണ് ഗുരുദേവ തൃപ്പാദങ്ങളെന്ന്  സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആ വിശ്വഗുരുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ ലക്ഷക്കണക്കിന് ആരാധകവൃന്ദവും ആയിരക്കണക്കിന് അനുയായികളും നൂറുകണക്കിന് ശിഷ്യന്മാരുമുണ്ട്. ഗുരുദേവന്റെ ശിഷ്യന്മാരുടെ ജീവിതവും കൂടി ചേർത്ത് വായിക്കുമ്പോഴെ ഗുരുവിന്റെ ജീവചരിത്രം സമ്പൂർണ്ണമാവുകയുളളു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ മാമ്പലം വിദ്യാനന്ദ സ്വാമി പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമി  ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.

ഗുരുദേവന്റെ തിരുനാവിൽ നിന്നു ദർശനമാല എന്ന പ്രൗഢകൃതി പകർത്തി  സൂക്ഷിച്ച ശിഷ്യനാണ് മാമ്പലം വിദ്യാനന്ദ സ്വാമികൾ.  ഈ ദിവ്യ സംസ്കൃത ഗ്രന്ഥത്തിന് ദീധിതി എന്ന വ്യാഖ്യാനമെഴുതി ഗുരുദേവന്റെ  പാദാരവൃന്ദങ്ങളിൽ  സമർപ്പിച്ച് അനുഗ്രഹം നേടുകയും ചെയ്തു. വേദാന്തത്തിലും വൈദ്യശാസ്ത്രത്തിലും നിപുണനായിരുന്നു. മാമ്പലത്ത് ശ്രീനാരായണ മിഷൻ സ്ഥാപിച്ച്  സാധുക്കളായ രോഗികളെ സൗജന്യമായി ചികിത്സിച്ച് വന്നിരുന്നു. അതിപ്പോൾ വലിയ പ്രസ്ഥാനമായി വളരുകയും ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ  നടത്തുകയും  ചെയ്യുന്നു. ഗുരുദേവന്റെ രോഗവിവരങ്ങൾ ഭഗവാന്റെ ശരശയ്യ എന്ന പേരിലും എഴുതിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലാണ്  വിദ്യാനന്ദ സ്വാമി സമാധി അടഞ്ഞത്. മാമ്പലം വിദ്യാനന്ദ സ്വാമികൾ, പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമികൾ എന്നിങ്ങനെ ഒരേ പേരിൽ രണ്ട് ശിഷ്യർ ഗുരുദേവനുണ്ടായിരുന്നു.  പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമികൾ മദ്രാസിലെ സുബ്ബയ്യാസ്വാമികളിൽ നിന്ന് വേദാന്ത ശാസ്ത്രവും  ബോധാനന്ദ സ്വാമിയിൽ നിന്ന് സന്യാസവും സ്വീകരിച്ചശേഷം തൃപ്പാദ ശിഷ്യത്വം സ്വീകരിച്ചു.  പെരിങ്ങോട്ടുകരയിൽ ശിവലിംഗസ്വാമികൾ സ്ഥാപിച്ച ശ്രീനാരായണ ആശ്രമത്തെ ഇന്നത്തെ നിലയിൽ വളർത്തിയത് വിദ്യാനന്ദ സ്വാമിയാണ്. ഇതിനായി അദ്ദേഹം സഹിച്ച ത്യാഗത്തിന് കണക്കില്ല. ശ്രീനാരായണ ഗുരുവര സ്തോത്രവും ഗീതാസാരവും അദ്ദേഹത്തിന്റെ കൃതികളാണ്. പെരിങ്ങോട്ടുകരയിലായിരുന്നു സമാധി.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതിആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ,  സ്വാമി ഗുരുപ്രകാശം,  യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി, പബ്ലിസിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പളളി, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, കാവേരി രാമചന്ദ്രൻ, പി.ടി.മന്മഥൻ, സന്ദീപ് പച്ചയിൽ, എബിൻ ആമ്പാടി, പി.എസ്.വിജയൻ, അനിൽ ഉഴത്തിൽ, കിരൺചന്ദ്രൻ, സുനിൽ വളളിയിൽ, വിജീഷ് മേടയിൽ, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, ഇൻസ്പെക്ടിംഗ് ഓഫീസർ രാജേഷ് നെടുമങ്ങാട്, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി ഗോപകുമാർ എന്നിവർ സംബന്ധിച്ചു. ​

തൃശൂർ യൂണിയൻ സെക്രട്ടറി ഡി.രാജേന്ദ്രൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ.വി.വിജയൻ, പീച്ചി യൂണിയൻ കൺവീനർ പി.കെ.സന്തോഷ്, ചെയർമാൻ കെ.സുബിൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ശാഖാ പ്രവർത്തകരും ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ മാമ്പലം വിദ്യാനന്ദ സ്വാമി, പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമി  ദിന പ്രഭാഷണം നടത്തുന്നു.കെ.വി.വിജയൻ, സ്വാമി ഗുരുപ്രകാശം, പി.കെ.സന്തോഷ്, കെ.എസ്.സുബിൻ, ഡി.രാജേന്ദ്രൻ എന്നിവർ സമീപം.

ശിവഗിരിയിൽ ഇന്ന്

രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് സാരദാമഠത്തിൽ വിസേഷാൽ പൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകുന്നേരം 3ന് ആചാര്യസ്മൃതി സമ്മേളനം.