പാറശാല: ടൂറിസ്റ്റ് ബസുകൾക്കെതിരെ ഗുണ്ടാവിളയാട്ടം തുടരുന്നതായി പരാതി. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളെ തടഞ്ഞ് നിറുത്തി ഡ്രൈവറെ മർദ്ദിക്കുകയും യാത്രക്കാരെ ഇറക്കിവിട്ട് തടസങ്ങൾ സൃഷ്ടിക്കുകയുമാണ് പതിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് പാറശാല കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഒരു ബസിന് നേരെ കൊട്ടാരക്കര വച്ച് ഡ്രൈവർക്കും ബസിനും നേരെ ആക്രമണമുണ്ടായി.നേരത്തെ ഒരാഴ്ച മുൻപ് മുട്ടത്തറയിലെ ഒരു കോളേജിൽ നിന്നുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നിന്നും എത്തിയ മറ്റൊരു വാഹനത്തെ യൂണിയൻ പ്രവർത്തകർ എന്നവകാശപ്പെടുന്ന ഗുണ്ടകൾ ചേർന്ന് തടഞ്ഞിരുന്നു. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്തതനുസരിച്ച് കൊട്ടാരക്കര നിന്ന് സവാരിക്കായി മുട്ടത്തറയിൽ എത്തിയ ബസിനെയാണ് തടഞ്ഞത്.
സംഭവങ്ങളെ തുടർന്ന് വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വാഹനം ബുക്ക് ചെയ്ത സ്റ്റഡിടൂറുകളും മറ്റ് ഉല്ലാസ യാത്രകളും നടത്താൻ കഴിയാത്ത സാഹചര്യമാണ്. ടാക്സ് അടച്ച് ഓടുന്ന കേരളത്തിലെ വാഹങ്ങൾക്ക് കേരളത്തിൽ എവിടെ നിന്നും സവാരി ബുക്ക് ചെയ്ത് സർവീസ് നടത്താനുള്ള അവകാശം നിലവിലുള്ളപ്പോഴാണ് യാത്രക്കാർക്കും വാഹന ഉടമകൾക്കും ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകുന്ന നടപടികൾ. ഇല്ലാത്ത നിയമത്തിന്റെ പേരിൽ ഒരു വിഭാഗം ഇടനിലക്കാർ ചേർന്ന് തുടർന്നുവരുന്ന ഇത്തരം നടപടികൾ ഈ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നതായാണ് വാഹന ഉടമകൾ പരാതിപ്പെടുന്നത്. ഗുണ്ടാപ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാത്ത ഒരു വാഹന ഉടമയ്ക്കെതിരെ വധഭീഷണി ഉള്ളതായും പരാതിയുണ്ട്. ബന്ധപ്പെട്ട ആർ.ടി.ഒ, പൊലീസ് അധികാരികൾ എന്നിവർ ഇടപെട്ട് ഇത്തരം തെറ്റായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതാണ് വാഹന ഉടമകളുടെ ആവശ്യം.