തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനിടെ വിവാദം ഒഴിവാക്കാനെന്ന വാദം നിരത്തിയാണെങ്കിലും ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കാൻ നിർബന്ധിതമായത് സർക്കാരിനേറ്റ രാഷ്ട്രീയ തിരിച്ചടിയായി. അഴിമതിയാരോപണമുയർത്തി പ്രതിപക്ഷം തുടർച്ചയായി ആക്രമിച്ചപ്പോൾ കീഴടങ്ങാൻ നിർബന്ധിതമായെന്ന തോന്നൽ പൊതുസമൂഹത്തിൽ ബലപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. പ്രതിപക്ഷത്തിന് ഇരട്ട നേട്ടവുമുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണ മുന്നണിക്കെതിരായ പ്രതിപക്ഷത്തിന്റെ ആധികാരിക വിജയവും ആരോപണത്തിന്റെ പ്രഭവ കേന്ദ്രമായ രമേശ് ചെന്നിത്തലയ്ക്കുണ്ടായ രാഷ്ട്രീയനേട്ടവും.
വിവാദം സൃഷ്ടിക്കുന്ന തീരുമാനം സർക്കാർ തലത്തിൽ ഉണ്ടായപ്പോൾ മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര കൂടിയാലോചനകളുണ്ടായില്ലെന്ന ആക്ഷേപം സി.പി.എമ്മിനകത്തുണ്ട്. അതിന്റെ ബഹിർസ്ഫുരണമാണ് വിവാദമെന്നും പാർട്ടി കേന്ദ്രങ്ങളിൽ മുറുമുറുപ്പുയരുന്നുണ്ട്. കഴിഞ്ഞ സെക്രട്ടേറിയറ്റിൽ ഇത്തരത്തിൽ ഒറ്റതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങളുണ്ടായി. ഇതിന്റെയും അടിസ്ഥാനത്തിലാകാം വീണ്ടു വിചാരമുണ്ടായത്.
ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിക്കുന്നതിന് സി.പി.എമ്മോ ഇടതുമുന്നണിയോ എതിരല്ല. എന്നാൽ, ഡിസ്റ്റിലറികൾ അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് 18 വർഷമായി തുടർന്നുവന്ന സർക്കാരുകളൊന്നും തിരുത്തിയിട്ടില്ല. അതിലൊരു തിരുത്തലിന് തയ്യാറാകും മുമ്പ് കൂടിയാലോചന വേണമായിരുന്നെന്ന അഭിപ്രായമാണ് പാർട്ടിക്കും മുന്നണിക്കും. വിവാദമുയർന്നപ്പോൾ സി.പി.ഐയും അസംതൃപ്തി അറിയിച്ചെങ്കിലും ഇടത് ഐക്യം ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്ന വേളയിൽ വിവാദമൊഴിവാക്കാൻ പരസ്യനിലപാട് അവരെടുത്തില്ല. നവകേരള നിർമ്മാണ വേളയിൽ വിവാദമൊഴിവാക്കാനാണ് സർക്കാർ തീരുമാനമെന്ന് ഇന്നലെ കാനം വിശദീകരിച്ചതും അതിനാലാണ്.
തത്കാലം ക്ഷീണമായാലും ഇതിലും കടുത്ത തിരിച്ചടികളൊഴിവാക്കാൻ നിലപാട് മാറ്റം മുന്നണിയെ തുണച്ചേക്കും. പ്രതിപക്ഷം നിരന്തരം പുതിയ ആരോപണങ്ങളുയർത്തി രംഗത്തെത്തുമ്പോൾ സർക്കാർ വാദം ദുർബലമായിപ്പോകുന്നെന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി അധികാരമേറ്റ ഇടതുമുന്നണിക്ക് മേൽ കറുത്ത നിഴൽപ്പാടുകൾ വീഴുന്നെന്ന തോന്നലുണ്ടാകുന്നത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ ഭൂഷണമല്ല. അതേസമയം, വിവാദമായപ്പോൾ അനുമതി റദ്ദാക്കിയതിലൂടെ സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കേണ്ടതില്ലെന്ന തോന്നൽ സൃഷ്ടിക്കാനായെന്നും വിലയിരുത്തുന്നുണ്ട്. നികുതി വരുമാനം ഖജനാവിന് തുണയാകുമെന്നതിനാലാണ് ബ്രൂവറി യൂണിറ്റുകൾ അനുവദിച്ചതെന്ന വാദം നിരത്തുന്ന സി.പി.എം നേതൃത്വം ആർക്കും വേണ്ടെങ്കിൽ വേണ്ട എന്നാണ് പുതിയ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്.
പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ വിവാദത്തിന്മേൽ രാഷ്ട്രീയയുദ്ധം തുടരാനാണ് യു.ഡി.എഫ് നീക്കം. മന്ത്രിയുടെ രാജി വരെ പ്രക്ഷോഭമെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇത് സൂചിപ്പിക്കുന്നു.
അഞ്ചാം വിവാദം
1. ബന്ധു നിയമനക്കേസിൽ ഇ.പി. ജയരാജന്റെ രാജിയാണ് സർക്കാരിനെ ആദ്യം ഉലച്ചത്
2. തേൻകെണി കേസിൽ എ.കെ. ശശീന്ദ്രന്റെ രാജി അടുത്ത വിവാദം
3. മൂന്നാർ കൈയേറ്റ വിവാദത്തിൽ സി.പി.എം- സി.പി.ഐ കൊമ്പുകോർക്കൽ
4. കായൽ കൈയേറ്റ വിവാദത്തിൽ തോമസ് ചാണ്ടിയുടെ രാജി
5. ബ്രൂവറി വിഷയത്തിലെ പ്രതിപക്ഷ ആരോപണവും സർക്കാരിന്റെ പിന്മാറ്റവും