മുംബയ് : കഴിഞ്ഞദിവസം ഏഷ്യാകപ്പ് കിരീടം നേടിയ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ഒാപ്പണർ യശ്വസി ജയ്സ്വാളിന്റെ ജീവിതകഥ കൗമാരക്കാർക്ക് ഒരു പാഠമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഗ്രൗണ്ടിന്റെ ഒാരത്ത് കെട്ടിയ തുണിക്കൂടാരത്തിൽ കഴിഞ്ഞ ഇൗ കൗമാരക്കാരൻ ഇല്ലായ്മകളോട് പടവെട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്‌കരിച്ചത്.
ബദോഗി എന്ന ഗ്രാമത്തിൽനിന്ന് ക്രിക്കറ്റ് കളിക്കാനായി ചെറിയ പ്രായത്തിൽത്തന്നെ മുംബയ് നഗരത്തിലേക്ക് ചേക്കേറിയതാണ് യശ്വസി. ബദോഹിയിലെ ഒരു ചെറിയ കച്ചവടക്കാരന്റെ മകനായ യശ്വസി ദാദറിലുള്ള അമ്മാവന്റെ കൂടെയാണ് മുംബയിലെത്തിയത്. എന്നാൽ അവിടെനിന്ന് ദിവസം ആസാദ് മൈതാനത്തേക്കുള്ള യാത്ര ചെലവേറിയതായിരുന്നു. തുടർന്ന് കൽബാദേ വിയിലുള്ള ഒരു ഡെയറി ഫാമിൽ താമസം ഒപ്പിച്ചു. വാടകയായി അവിടത്തെ ചെറിയ പണികൾ ചെയ്തുകൊടുക്കും.
എന്നാൽ ഏറെനാൾ അത് തുടരാനായില്ല. അവിടെനിന്ന് ഒഴിവാക്കപ്പെട്ടപ്പോഴാണ് മുസ്ലിം യുണൈറ്റഡ് ക്ളബിലെ ഇമ്രാൻ എന്ന നല്ല മനുഷ്യനാണ് ആസാദ് മൈതാനിയിൽ ഒരു ടെന്റ് കെട്ടിക്കൊടുത്തത്. ജ്വാലാസിംഗ് എന്ന പരിശീലകൻ യശ്വസിയുടെ കഴിവ് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യൻ കുപ്പായം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമായത്. കൂടാരത്തിൽ കഴിഞ്ഞ നാളുകളിൽ ക്രിക്കറ്റ് കളിയുടെ ശബ്ദം കേട്ടാണ് ഉണർന്നിരുന്നതെന്നും ആ നാളുകളായാണ് തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചതെന്നും യശ്വസി പറയുന്നു.
ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 85 റൺസ് നേടി യശ്വസി ടോപ് സ്കോററായിരുന്നു. ടൂർണമെന്റിൽ 79.50 ശരാശരിയിൽ 318 റൺസ് അടിച്ചുകൂട്ടി പ്ളേയർ ഒഫ് ദ ടൂർണമെന്റുമായി. ഇന്ത്യൻ സീനിയർ ടീമിലെത്തുകയാണ് യശ്വസിയുടെ അടുത്ത ലക്ഷ്യം.