മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡിന് പിന്നാലെ ബാഴ്സലോണയെയും കഷ്ടകാലം വേട്ടയാടുന്നു. കഴിഞ്ഞരാത്രി വലൻസിയയോട് 1-1ന് സമനിലയിൽ കുരുങ്ങുകയായിരുന്നു മെസിയും സംഘവും. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സയ്ക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമാകുകയും ചെയ്തു.
വലൻസിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിട്ടിൽ ത്തന്നെ ബാഴ്സലോണ ഗോൾ വഴങ്ങിയിരുന്നു. അർജന്റീനാതാരം ഇസക്കിയേൽ ഗാരേയാണ് ആതിഥേയർക്ക് വേണ്ടി ഗോൾ നേടിയത്. 23-ാം മിനിട്ടിൽ അർജന്റീനക്കാരൻ തന്നെയായ ലയണൽ മെസിയിലൂടെ ബാഴ്സ സമനില പിടിച്ചു. എന്നാൽ വിജയിക്കാൻ വമ്പൻ ക്ളബിന് കഴിഞ്ഞില്ല. പിന്നീട് കിട്ടിയ പല അവസരങ്ങളും അവർ പാഴാക്കുകയായിരുന്നു.
ഇൗ സീസണിലെ എട്ട് മത്സരങ്ങളിൽ ബാഴ്സലോണ വഴങ്ങുന്ന മൂന്നാമത്തെ സമനില യാണിത്. നാല് വിജയങ്ങൾ നേടിയ ബാഴ്സ ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തു. ലാലിഗയിൽ കഴിഞ്ഞ നാലുമത്സരങ്ങളിലും ബാഴ്സയ്ക്ക് വിജയിക്കാനായിട്ടില്ല.
എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ബാഴ്സയെ മറികടന്ന് 16 പോയിന്റുള്ള സെവിയ്യയാണ് ഒന്നാംസ്ഥാനത്തെത്തിയത്. 15 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ളപ്പോൾ റയൽ മാഡ്രിഡ് 14 പോയിന്റുമായി നാലാമതാണ്.
പോയിന്റ് പട്ടിക
സെവിയ്യ 8-16
ബാഴ്സലോണ 8-15
അത്‌ലറ്റിക്കോ 8-15
റയൽ മാഡ്രിഡ് 8-14
എസ് പാന്യോൾ 8-14.