mudapurammuttappalam

മുടപുരം: കിഴുവിലം, അഴൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുടപുരം - മുട്ടപ്പലം റോഡ്‌ നന്നാക്കണമെന്നാവശ്യം ശക്തമാകുന്നു. ടാറും മെറ്റലും ഇളകി ഗട്ടറുകൾ രൂപപെട്ട ഇതു വഴിയുള്ള യാത്ര ദുഷ്കരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 6 സ്വകാര്യ ബസുകളും 3 കെ.എസ്.ആർ.ടി.സി ബസുകളും സർവീസ്‌ നടത്തുന്ന ഈ റോഡിൽ ധാരാളം സ്‌കൂൾ കോളേജ് ബസുകളും സർവീസ് നടത്തുന്നുണ്ട്. വാഹനതിരക്കേറിയ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ചിറയിൻകീഴ്- കോരാണി, അഴൂര്‍- ശാസ്തവട്ടം എന്നീ പി.ഡബ്ലിയു.ഡി റോഡുകളെ ബന്ധിപ്പിക്കുന്നതും ഈ റോഡാണ്. അഴൂർ ശാസ്തവട്ടം റോഡ് പുതുക്കി പണിയുന്നതിനായി സർക്കാരിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഒപ്പം കോരാണി ചിറയിൻകീഴ് റോഡ് റീടാർ ചെയ്യുന്നതിനും കാട്ടുമുറാക്കലിൽ പുതിയ പാലം നിർമ്മിക്കുന്നതിനുമായി സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 20 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും ഈ രണ്ടു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടപുരം മുട്ടപ്പലം റോഡ് റീ ടാർ ചെയ്യുന്നതിന് മാത്രം ഫണ്ട് അനുവദിച്ചിട്ടില്ല. ഇത് ഈ പ്രദേശത്തോടുള്ള അവഗണനയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അഡ്വ.വി. ജോയി ജില്ലാപഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ 11 .50 ലക്ഷം രൂപയും ഇപ്പോൾ ജില്ലാപഞ്ചായത്ത് മെമ്പർ ആയിരിക്കുന്ന അഡ്വ.ആർ. ശ്രീകണ്ഠൻ നായർ 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച് റോഡിന്റെ പാർശ്വഭിത്തി നിർമ്മിക്കുകയുണ്ടായി. എന്നാൽ ഈ തുക ഉപയോഗിച്ച് പണയിൽ ഭാഗത്ത് മാത്രമാണ് പാർശ്വഭിത്തി നിർമ്മിച്ചത്.
താലൂക്കിലെ പ്രധാന ക്ഷേത്രമായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം മാർച്ചിലാണ്. അതുകൊണ്ട് അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്താൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.