കോട്ടയം: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ സ്റ്റീഫൻ പത്രോസിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോബിൻ (22) ഒളിവിൽ. സ്റ്റീഫന്റെ കൈയിൽ നിന്ന് സ്ഥലം ഈട് നൽകി പണം കടം വാങ്ങിയ വ്യാപാരി കാഞ്ഞിരത്താനം സ്വദേശി ജയ്മോന്റെ മകനാണ് ജോബിൻ. സേലത്ത് കെമിക്കൽ എൻജനിയറിംഗ് ഡിപ്ലോമ വിദ്യാർത്ഥിയായ ജോബിനെ കൊല നടന്ന ദിവസം രാത്രി തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജോബിന്റെ കൈ മുറിഞ്ഞ് രക്തം കണ്ടിട്ടും പൊലീസിന് കാര്യങ്ങൾ പിടികിട്ടിയില്ല. വീട്ടുവളപ്പിലെ പാഷൻഫ്രൂട്ട് പറിച്ചപ്പോൾ കൈമുറിഞ്ഞതാണെന്നായിരുന്നു ജോബിൻ പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസ് കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു. കൊലപാതകം നടന്ന സമയത്ത് താൻ തലയോലപറമ്പിലും ഏറ്റുമാനൂരും ആണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതും വിശ്വസിച്ച പൊലീസ് പരീക്ഷ എഴുതുന്നതിന് തമിഴ്നാട്ടിൽ പോകാൻ അനുവദിക്കണമെന്ന ഇയാളുടെ അഭ്യർത്ഥനയ്ക്ക് അനുമതിയും നൽകി. ഇതനുസരിച്ച് പിറ്റേന്ന് കോയമ്പത്തൂരിലേക്ക് പോയ ജോബിൻ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
സംഭവ ദിവസം സ്റ്റീഫന്റെ വീട്ടിൽ പലിശപണം നൽകാനെത്തിയ വീട്ടമ്മയുടെ മൊഴിയാണ് കൊലപാതകത്തിൽ ജോബിന്റെ പങ്ക് വ്യക്തമാക്കിയത്. ഉച്ചയ്ക്ക് സ്ത്രീയെത്തുമ്പോൾ ജോബിനും സ്റ്റീഫനും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോബിനോട് പൊയ്ക്കൊള്ളാൻ പറഞ്ഞ ശേഷം സ്റ്റീഫൻ തന്റെ കൈയിൽ നിന്ന് പണം വാങ്ങിയെന്നും വീട്ടമ്മ പറഞ്ഞു. പൊലീസ് കാണിച്ച ജോബിന്റെ ഫോട്ടോ സ്ത്രീ തിരിച്ചറിഞ്ഞു. ഇതോടെയാണ് സംഭവസമയം സ്ഥലത്തില്ലായിരുന്നെന്ന ജോബിന്റെ മൊഴി കളവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ജോബിൻ മുങ്ങിയിരുന്നു.
അന്വേഷണസംഘം ജോബിന് വേണ്ടി തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കസ്റ്റഡിയിലുണ്ടായിരുന്ന ജോബിന്റെ കൂട്ടാളികളായ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. തങ്ങൾ സ്റ്റീഫന്റെ വീടിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നെന്നും ജോബിനാണ് കൊല നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കൊലയ്ക്ക് സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള സ്റ്റീഫന്റെ ബന്ധുവടക്കം മൂന്ന് പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.
പണയം വച്ച കുടുംബസ്വത്തിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായതോടെ ഇത് എങ്ങനെയും തിരികെ വാങ്ങണമെന്ന ജോബിന്റെ വാശിയാണ് കൊലപാതകത്തിൽ കലാശിച്ചത്. കുറുപ്പന്തറയിൽ കട നടത്തിയിരുന്ന ജയ്മോൻ പത്തുവർഷംമുമ്പ് കട ആരംഭിക്കാൻ നേരത്ത് സ്റ്റീഫന്റെ കൈയിൽനിന്ന് 27.50 ലക്ഷം രൂപ വാങ്ങിയിരുന്നു. പണത്തിന് ഈടായി ഇയാളുടെ 50 സെന്റ് ഭൂമി സ്റ്റീഫൻ എഴുതി വാങ്ങി. കുടുംബസ്വത്തായ ഭൂമി പണയം വച്ചതറിഞ്ഞ് ജയ്മോന്റെ പിതാവ് വീട്ടിൽ വഴക്കുണ്ടാക്കി. പലിശയിനത്തിൽ ലക്ഷങ്ങൾ നൽകിയിട്ടും സ്ഥലം സ്റ്റീഫൻ മടക്കി നൽകിയില്ല. മാത്രമല്ല ഭൂമി വിൽക്കാനും സ്റ്റീഫൻ ശ്രമം നടത്തി. ഇതേതുടർന്ന് ജയ്മോന്റെ മകൻ സ്റ്റീഫനെ സമീപിച്ച് 10 ലക്ഷം രൂപ നൽകാമെന്നും സ്ഥലത്തിന്റെ ആധാരം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സ്റ്രീഫൻ വഴങ്ങിയില്ല. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ജോബിൻ കൂട്ടുകാരായ ആദർശിനെയും അരുണിന്റെയും കൂട്ടി സ്റ്റീഫന്റെ വീട്ടിലെത്തി. ഇവർ സംസാരിച്ചുനിൽക്കുമ്പോഴാണ് പലിശ പണം നൽകാൻ വീട്ടമ്മയെത്തിയത്. ജോബിനോട് പൊയ്ക്കോളാൻ പറഞ്ഞ ശേഷം വീട്ടമ്മയുമായി സ്റ്റീഫൻ സംസാരിച്ചു. ഈ സമയം പുറത്തിറങ്ങിയ ജോബിൻ സ്റ്റീഫനറിയാതെ വീടിനകത്ത് കയറി. ആധാരം തിരയുകയായിരുന്ന ജോബിനെ ശബ്ദം കേട്ടെത്തിയ സ്റ്രീഫൻ കണ്ടു. തുടർന്നുണ്ടായ പിടിവലിക്കിടെ ജോബിൻ സ്റ്റീഫനെ കുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്ക് ശേഷം വീട്ടിലെ അലമാരയിലിരുന്ന എട്ട് ലക്ഷം രൂപ ജോബിൻ അപഹരിച്ചു. ഇതിൽ 5.5 ലക്ഷം ജോബിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബാക്കി പണം അരുണിനും ആദർശിനും നൽകി. ഇതും പൊലീസ് കണ്ടെടുത്തു. കൊലപാതക ശേഷം മൂവരും ബൈക്കിൽ ജോബിന്റെ വീടിനടുത്തെത്തിയാണ് വസ്ത്രം മാറിയത്. ഇന്ന് അറസ്റ്റിലായ പ്രതികളുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തും.