mana-layathu-pa-cha

കിളിമാനൂർ: സംസ്ഥാന പാതയിൽ തട്ടത്തുമല - കാരേറ്റ് റോഡിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ.അപകടങ്ങളിൽ കൂടുതലും നടന്നത് തട്ടത്തുമലയ്ക്ക് സമീപം മണലയത്ത് പച്ചയിലും, കാരേറ്റിന് സമീപം പൊരുന്തമണിലുമാണ്.അപകടങ്ങൾ ഏറെയും ഉണ്ടാക്കിയിരിക്കുന്നത് കെ.എസ്.ആർ.ടി.സി.ബസും.കഴിഞ്ഞ ദിവസം മണലയത്തുപച്ചയിൽ കെ.എസ്.ആർ.ടി.സി. ബസ് കാറിലിടിച്ച് കാർ യാത്രികനായ അഞ്ചൽ ആലംചേരി തൊണ്ടിക്കട പിള്ള വീട്ടിൽ മുരളിധരൻ പിള്ള (48) മരിച്ചതാണ് ഒടുവിലത്തെ സംഭവം. കാറിൽ ഉണ്ടായിരുന്ന മുരളിധരൻ പിള്ളയുടെ ഭാര്യ ഷൈലജ, മക്കളായ അഖിൽ, അരുൺ എന്നിവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അമിത വേഗതയിൽ വന്ന കെ.എസ്.ആർ.ടി.സി.ബസ് കൊടുംവളവിൽ വച്ച് പിക്അപ് വാനിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ എതിരേ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് വച്ച് തടി കയറ്റി വന്ന ലോറിയിൽ കെ.എസ്.ആർ.ടി.സി .ബസിടിച്ച് ഇടുക്കി എം.എൽ.എ.റോഷി അഗസ്റ്റിൻ ഉൾപ്പെടയുള്ളവർക്ക് പരിക്കേറ്റിരുന്നു.ഇതേ റോഡിൽ പുളിമാത്ത് പള്ളിക്ക് സമീപം കാൽനടയാത്രക്കാരൻ കെ.എസ്.ആർ.ടി.സി.ബസിടിച്ച് മരിച്ചതും, പൊരുന്തമണിൽ റോഡ് മുറിച്ച് കടക്കവെ മധ്യവയസകൻ മരിച്ചതും ആഴ്ചകൾക്കു മുമ്പാണ്.തട്ടത്തുമല മുതൽ കാരേറ്റ് വരെയുള്ള ഏഴ് കിലോമീറ്റർ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങളുടെ പ്രധാന കാരണം.വിവിധ രാഷ്ട്രീയ പാർട്ടികളുടേയും, സംഘടനകളുടെയും നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് ഉൾപ്പെടെ റോഡിന്റെ അവസ്ഥയെ കുറിച്ച് പരാതി നൽകിയിട്ടും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണുള്ളത്.

റോഡിന്റെ അവസ്ഥ

* കൊടും വളവുകൾ

* സിഗ്നൽ ലൈറ്റുകളോ,സിഗ്നൽ ബോർഡുകളോ ഇല്ല.

* സീബ്രാ ലൈനുകൾ ഇല്ല

* റോഡ് മാർക്കുകൾ ഇല്ല

ആവശ്യങ്ങൾ

* സ്ഥിരം അപകടം നടക്കുന്ന മണലയത്തു പച്ച,പൊരുന്തമൺ മേഖലകളിൽ രണ്ടു വരി പാതയാക്കണം.

* ട്രാഫിക് കോൺ പോലുള്ള ഉപകരണങ്ങൾ സ്ഥാപിക്കണം

* സ്പീഡ് ക്യാമറകൾ കാര്യക്ഷമമാക്കണം

''റോഡ് സേഫ്റ്റി അതോറിറ്റി, പോലീസ്, പി.ഡബ്ല്യു.ഡി.ഉദ്യോഗസ്ഥർ എന്നിവരുമായി ആലോചിച്ച് നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ വേണ്ടത് ചെയ്യും." ( ബി.സത്യൻ, എം.എൽ.എ ).