തിരുവനന്തപുരം: ശബ്ദമുഖരിതമായ ഈ ലോകത്ത് നിശബ്ദതയെ ആഘോഷമാക്കുകയാണ് സോഫിയയും സഹോദരൻ റിച്ചാർഡും. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും രണ്ടു പേരും ഹാപ്പിയാണ്. പക്ഷേ, ഇവരുടെ അച്ഛനമ്മമാരും ബന്ധുക്കളും ഇവരെക്കുറിച്ചോർത്ത് ഏറെ വിഷമിച്ചിരുന്നു.
തങ്ങൾ പറയുന്നത് മക്കൾ കേൾക്കുന്നില്ലല്ലോ, അവരുടെ കൊഞ്ചൽ കേൾക്കാൻ കഴിയില്ലല്ലോ, എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ എറണാകുളും ഏലൂർ കല്ലുപുരയ്ക്കൽ വീട്ടിൽ ജോ ഫ്രാൻസിസും ഗൊരൈറ്റി ജോസഫും എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിരുന്നു. ഇപ്പോൾ അതു മാറി. മക്കളെക്കുറിച്ചോർത്ത് അഭിമാനിക്കാനേ നേരമുള്ളൂ.
സംസാരിക്കാനും കേൾക്കാനും കഴിയുന്നില്ലല്ലോ, എന്ന് ചിന്തിച്ച് ബേജാറാകാതെ പഠിച്ചു മുന്നേറുക മാത്രമായിരുന്നില്ല സോഫിയയും അനുജൻ റിച്ചാർഡും. കലയിലും കായിക രംഗത്തുമൊക്കെ കൈവച്ചു. ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും വിജയങ്ങൾ നേടിയെടുത്തപ്പോൾ പിന്നിൽ നിന്നു കൈയടിച്ചതിന്റെ ഒച്ചയൊന്നും അവർ കേട്ടില്ല. ഇപ്പോഴിതാ സിനിമയിലും രണ്ടു പേരും ഒരുമിച്ച് അരങ്ങേറി. പി.കെ.ശ്രീകുമാർ സംവിധാനം ചെയ്യുന്ന 'ശബ്ദം' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് രണ്ടു പേരും. കുശവന്മാരുടെ ജീവിതയാഥാർത്ഥ്യത്തിനുനേരെ കാമറ തിരിക്കുന്ന ചിത്രത്തിൽ സരളയായി സോഫിയയും മകൻ പമ്പാവാസനായി റിച്ചാർഡ്സും അഭിനയിച്ചു.
ചുണ്ടനക്കം വായിച്ചെടുത്താണ് (ലിപ് റീഡിംഗ്) ഇവർ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയായ അമ്മ ഗൊരൈറ്റിയാണ് ആദ്യഗുരു. കോളേജ് പഠനം കഴിഞ്ഞ് സോഫിയ ഫാഷൻ ടെക്നോളജിയിൽ ഉപരിപഠനം നടത്തുന്നു. റിച്ചാർഡ് ആനിമേഷൻ ടെക്നോളജിയാണ് പഠിക്കുന്നത്. 2014ൽ മിസ് ഇന്ത്യ ഡെഫായിരുന്നു സോഫിയ. കേൾവിശേഷിയില്ലാതെ ഫോർവീൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തം. ബൈക്ക് റൈഡേഴ്സ് കൂടിയാണ് ഇരുവരും.
''ഒരു മാസം പരിശീലനം നൽകിയശേഷമാണ് ഇവരെ കാമറയ്ക്കു മുന്നിൽ എത്തിച്ചത്. മറ്റുള്ളവർക്കൊപ്പം അഭിനയിക്കാൻ ആദ്യം ബുദ്ധിമുട്ടി. പിന്നെ ഈസിയായി അഭിനയിച്ചു. ഭിന്നശേഷിക്കാർക്ക് സാധാരണക്കാരെക്കാൾ കഴിവുണ്ട് എന്നു കാണിക്കുന്ന ചിത്രം കൂടിയാണ് ശബ്ദം"
-പി.കെ. ശ്രീകുമാർ, സംവിധായകൻ