office

 തിരുവനന്തപുരം: ആവശ്യക്കാർക്ക് വഞ്ചിയൂർ താലൂക്ക് സപ്ലൈ ഓഫീസിൽ എത്തണമെങ്കിൽ തുരുമ്പ് പിടിച്ച് നിലംപൊത്താറായ കുത്തനെയുള്ള 33 ഇരുമ്പുപടികൾ കയറണം. ഒരുസമയം ഒരാൾക്കുമാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ പടികൾക്കുള്ളൂ. മൂന്നുവർഷം മുമ്പാണ് കൈതമുക്കിൽ നിന്ന് ഈ ഓഫീസ് വഞ്ചിയൂർ കോടതി പരിസരത്തുള്ള മൂന്നാംനിലയിലേക്ക് മാറ്റിയത്. ആവശ്യങ്ങളുമായി എത്തുന്നവരുടെ നടുവൊടിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി . റേഷൻ കാർഡിൽ പേര് ചേർക്കൽ, വരുമാനം, മേൽവിലാസം, വീട്ടുനമ്പർ, വാർഡ് നമ്പർ എന്നിവ തിരുത്തൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി പ്രായമായവരും ഗർഭിണികളും വികലാംഗരുമടക്കം ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. കഴിഞ്ഞയാഴ്ചയും ഇരുമ്പ് പടികളിൽ തട്ടിവീണ് രണ്ടുവയസുകാരിക്ക് പരിക്കേറ്റിരുന്നു.

. 21000ഓളം രൂപ മാസവാടക നൽകിയാണ് അസൗകര്യങ്ങൾക്ക് നടുവിൽ സപ്ലൈ ഓഫീസ് പ്രവർത്തിക്കുന്നത്.

 ഉദ്യോഗസ്ഥർക്ക് വേറെവഴി

ദുർഘടംപിടിച്ച പടികയറ്റം പൊതുജനത്തിന് മാത്രം. ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും താഴെയുള്ള ബുക്ക് ഹൗസിനുള്ളിലെ വഴിയിലൂടെയാണ് മുകളിലെത്താം.

 പൊറുതിമുട്ടി നാട്ടുകാരും

നൂറോളം വീട്ടുകാർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയയാണിത്. കഷ്ടിച്ച് 10 അടിമാത്രം വീതിയുള്ള വഴിയുടെ ഇരുവശങ്ങളിലും വീടുകളുടെ മുമ്പിലായി ഓഫീസിലെത്തുന്നവരുടെ വാഹനങ്ങളാണ് നിരത്തിയിട്ടിരിക്കുന്നത്. ഇതുകാരണം, അകത്തോട്ടോ പുറത്തോട്ടോ കടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സമീപത്തെ പത്തോളം വീട്ടുകാർ. സമീപത്തെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വേറെയും. രാത്രികാലങ്ങളിൽ ഓഫീസിനു മുകളിൽ മദ്യപാനമുൾപ്പെടയുള്ളവയാണെന്നാണ് പരിസരവാസികളുടെ പരാതി.

 പരാതികളിൽ നോ അനക്കം

ഓഫീസിന്റെ പ്രവർത്തനം തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാൻപോലും വാഹനവുമായി വീടിന് പുറത്തിറങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇവിടുത്തെ താമസക്കാർ നിരവധിതവണ വഞ്ചിയൂർ പൊലീസിനും കമ്മിഷണർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടികളുണ്ടായിട്ടില്ല.

 വേറെ വഴി ഇല്ല

എന്നെപ്പോലെ പ്രായമായവർ ഇവിടെവന്ന് ഈ പടികയറുക അല്ലാതെ വേറെ എന്തുചെയ്യാൻ. ആഴ്ചകളായി ഇത് തുടങ്ങിയിട്ട്. ഭാര്യ കിടപ്പുരോഗിയാണ്. ഞാൻതന്നെ വന്നല്ലേ പറ്റൂ. - അപ്പുക്കുട്ടൻ, കരിക്കകം സ്വദേശി

 വഴക്കുണ്ടാക്കേണ്ട ഗതികേട്

എന്റെ അച്ഛന് അസുഖം കൂടി ആശുപത്രിയിൽകൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചിട്ടുപോലും വീട്ടിലേക്ക് കടക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വാഹനങ്ങളായിരുന്നു ഇരുവശവും. അവിടെയെത്തുന്നുവരോട് നമ്മൾ വഴക്കുണ്ടാക്കേണ്ട ഗതികേടിലാണ്. -മോഹൻ, പരിസരവാസി