medical-parking

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാഹന പാർക്കിംഗിനായി ഇൗടാക്കുന്നത്
അമിത നിരക്ക്. ആശുപത്രി വികസന സമിതി വിളിച്ച ടെൻഡറിലെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് കരാർ എടുത്തിരിക്കുന്ന സ്വകാര്യ ഏജൻസിയുടെ പിരിവ്.

ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമാണ് പാർക്കിംഗിനായി അനധികൃത നിരക്ക് ഇൗടാക്കുന്നത്. ടെൻഡറിലെ ഇവയ്ക്ക് മൂന്നും അഞ്ച് രൂപ വീതമാണെങ്കിലും അഞ്ച് രൂപയും പത്തുംരൂപ വീതമാണ് ഇൗടാക്കുന്നത്.

ഇൗ വർഷം ആഗസ്റ്റിലാണ് ആശുപത്രി വികസന സമിതി പുതിയ ടെൻഡർ ക്ഷണിച്ചത്. ഇതിൽ നാല് ചക്രവാഹനങ്ങൾക്ക് 10 രൂപയും ആട്ടോകൾക്ക് അഞ്ച് രൂപയും ഇരുചക്രവാഹനങ്ങൾക്ക് മൂന്ന് രൂപയുമാണ് ആദ്യത്തെ നാല് മണിക്കൂറിനുള്ള പാർക്കിംഗ് നിരക്ക് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞാൽ വീണ്ടും പാസ് എടുക്കണം. കൂടാതെ ആദ്യത്തെ പാസ് നിർബന്ധമായും തിരിച്ചേൽപ്പിക്കുകയും വേണം. ആഗസ്റ്റ് മുതൽ ഒരു വർഷത്തേക്കാണ് ഇതിന്റെ കാലാവധി.

അത്യാഹിതവിഭാഗത്തിന് എതിർവശം, ഒ.പിയ്ക്ക് മുൻവശം എന്നിവിടങ്ങളിലായി രണ്ട് പാർക്കിംഗ് മേഖലകളാണ് ഉള്ളത്. നാലു മണിക്കൂർ എന്ന നിബന്ധന കാരണം പലർക്കും ഒന്നിലധികം തവണ പാസ് എടുക്കേണ്ടി . ആട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നേരെയാണ് ഇവരുടെ പിടിച്ചുപറി. നിരവധി പേർ പരാതി ഉന്നയിച്ചിട്ടും നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കരാർ ഏജൻസിക്ക് അനധികൃതമായി ലാഭം കൊയ്യാൻ കൂട്ടുനിൽക്കുകയാണ് അധികൃതർ.

അമിതനിരക്ക് ഇൗടാക്കുന്നതിനെകുറിച്ച് ചോദിച്ചാൽ താത്പര്യമുണ്ടെങ്കിൽ വാഹനം പാർക്ക് ചെയ്താൽ മതിയെന്ന നിലപാടാണ് ജീവനക്കാർക്ക് എന്നാണ് പരാതി. ഇതോടെ അമിതനിരക്ക് സഹിച്ച് പാർക്ക് ചെയ്യാൻ ഇരുചക്രവാഹനയാത്രികരും ഓട്ടോറിക്ഷക്കാരും നിർബന്ധിതരായിരിക്കുകയാണ്.

നടപടി എടുക്കും

ഇരുചക്രവാഹനങ്ങളിൽ നിന്നും ആട്ടോകളിൽ നിന്നും പാർക്കിംഗിനായി അമിതനിരക്ക് വാങ്ങുന്നത് കരാർ ലംഘനമാണ്. സംഭവം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും.

ഡോ. ഷർമദ്, സൂപ്രണ്ട്, തിരു: മെഡിക്കൽ കോളേജ് ആശുപത്രി