വിതുര: നെൽകൃഷിയിൽ നൂറുമേനി വിളവ് കൊയ്ത വിതുര രോഹിണി കൾച്ചറൽ വേദി ചെയർമാനും മികച്ച പ്രവാസി കർഷക പുരസ്കാര ജേതാവുമായ ചായം രോഹിണിയിൽ പി. വിജയൻനായർ കരനെൽകൃഷിയിലും വിജയം കുറിക്കുകയാണ്. ഇദ്ദേഹത്തിന്റെ മീനാങ്കലിലുള്ള എസ്റ്റേറ്റിലെ അരയേക്കറോളം സ്ഥലത്താണ് കരനെൽകൃഷി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ ചായത്തുള്ള ഏലായിലാണ് നെൽകൃഷി നടത്തിയിരുന്നത്. കൃഷി നഷ്ടമായതും ജോലിക്കാരെ യഥാസമയം കിട്ടാതെ വന്നതോടെയാണ് അത് നിറുത്തി കരനെൽകൃഷി ആരംഭിച്ചത്. \'പള്ളിക്കൂടത്തിൽ നിന്നു പാടശേഖരത്തിലേക്ക് \' ദ്ധതിയുടെ ഭാഗമായി നെൽക്കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷിരീതികളെക്കുറിച്ച് അറിയാനുമായി സ്കൂൾ വിദ്യാർത്ഥികൾ ഇവിടെ എത്താറുണ്ട്. കരനെൽകൃഷിയിൽ ഇക്കുറി മികച്ച വിളവുണ്ടെന്ന് വിജയൻനായർ പറയുന്നു. നെൽകൃഷി നഷ്ടമായതോടെ തൊളിക്കോട്, വിതുര, ആര്യനാട്, ആനാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം വയലുകളിലും ഇതിനകം മണ്ണു നിറഞ്ഞ് കഴിഞ്ഞു. അതിനാൽ മീനാങ്കൽ രോഹിണിവിളയിലെ നെൽകൃഷി കാണാൻ തിരക്കേറുകയാണ്.
നെല്ലിന്റെ ജന്മദിനാഘോഷം
കന്നിമാസത്തിലെ മകം നാളിലാണ് നെല്ലിന്റെ ജന്മദിനാഘോഷം നടത്തുന്നത്. വിതുര രോഹിണി കൾച്ചറൽ വേദി, കൃഷിഭവൻ, വിനോബാനികേതൻ യു.പി.എസ് എന്നിവയുടെ നേതൃത്വത്തിൽ മീനാങ്കൽ വയലേലയിൽ നടന്ന ആഘോഷ പരിപാടികൾ പി. വിജയൻനായർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നെല്ല് സംരക്ഷണ പ്രതിജ്ഞയെടുത്തു. ധാന്യവിളകളുടെ രാജ്ഞിയായ നെല്ലിന് രാജകീയസ്ഥാനവും പട്ടുമെത്തയും പ്രതീകാത്മകമായി നൽകി. നെൽപായസ വിതരണവും നെല്ലറിവ് പഠനക്ലാസ്, വയൽപ്പാട്ടുകളുടെ ആലാപനം എന്നിവയും ഉണ്ടായിരുന്നു. വിനോബാനികേതൻ യു.പി.എസ് .ഹെഡ്മിസ്ട്രസ് എൻ.സജി, അദ്ധ്യാപകരായ കെ.എൽ. ജയൻബാബു,ഡി.ആൽബർട്ട്, എൽ.ഡി. ആശ, സ്റ്റുഡന്റ് കോ-ഒാർഡിനേറ്റർ മഞ്ജിമ, ടി.വി.പുഷ്കരൻനായർ, മീനാങ്കൽ പൊടിയൻകുട്ടി എന്നിവർ പങ്കെടുത്തു.