തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കിയെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർക്ക് നൽകിയ പരാതി പിൻവലിക്കില്ലെന്നും തീരുമാനം അറിയാൻ കാത്തിരിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി നേരിട്ട് അനുമതി നൽകിയത് ഗുരുതരമായ ക്രമക്കേടാണ്. അദ്ദേഹം ഉത്തരം പറഞ്ഞേ തീരൂ. രണ്ടെണ്ണം തട്ടിക്കൂട്ട് കമ്പനികളാണ്. പവർ ഇൻഫ്രാടെകിന്റെ മേൽവിലാസംപോലും വ്യാജമാണ്. ഡിസ്റ്റിലറി കിട്ടിയ ശ്രീചക്രയ്ക്ക് ഓഫീസ് പോലുമില്ല. പാലക്കാട്ടെ അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ മുഖ്യമന്ത്രി നേരിട്ട് കൈപ്പറ്റിയെന്ന് പറയുന്നു. മുഖ്യമന്ത്രിക്ക് എങ്ങനെ വ്യവസായി നേരിട്ട് അപേക്ഷ കൊടുത്തു? കണ്ണൂർ വാരത്തെ ശ്രീധരൻ ബ്രൂവറീസിന് മുൻഗണന തെറ്റിച്ചായിരുന്നു അനുമതി .
1999ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച് ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കാൻ മന്ത്രിസഭാ തീരുമാനംതന്നെ വേണമെന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതിയിട്ടും വകവയ്ക്കാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണ്. കോടിയേരിയുടെ മൗനം ഇക്കാര്യത്തിൽ വാചാലമാണെന്നും ചെന്നിത്തല പറഞ്ഞു.