drugsലഹരി വില്പനയിലും ഉപയോഗത്തിലും 'മുന്നേറ്റം' കുറിക്കാൻ ഒരുമ്പെടുന്ന കേരളം മയക്കു മരുന്നുകളുടെയും വലിയൊരു താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എട്ടുകോടിരൂപയോളം വിലമതിക്കുന്ന ഹാഷിഷ് ഒായിലുമായി കഴിഞ്ഞ ദിവസം പാലക്കാട്ട് ഒരു തമിഴ് യുവതി അറസ്റ്റിലായത് കേരളം വഴി നടന്നുകൊണ്ടിരിക്കുന്ന  അനേകം ശൃംഖലകളുള്ള മയക്കുമരുന്നു കച്ചവടത്തിലെ തീരെ ചെറിയ ഒരു ഇടപാടു മാത്രമാണ്. വിദേശങ്ങളിലേക്ക്  വളരെ സുരക്ഷിതമായി ചരക്ക് എത്തിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ഉള്ളതുകൊണ്ടാണ് ലഹരി കടത്തുകാർ ഇങ്ങോട്ടു തിരിയുന്നത്.  പാലക്കാട്ട് പിടിയിലായ ഇരുപത്തൊന്നുകാരി ലഹരി കടത്തു ശൃംഖലയിലെ വെറുമൊരു കാരിയർ മാത്രമാകാമെന്നാണ് അന്വേഷക സംഘത്തിന്റെ  നിഗമനം.  വിശാഖ പട്ടണത്തു നിന്ന്  'സാധനം' സുരക്ഷിതമായി ഇടനിലക്കാരന് കൈമാറിയാൽ  ഒരു ലക്ഷം  രൂപയാണത്രെ പ്രതിഫലം. കഷ്ടപ്പാടും പരിവട്ടവുമൊക്കെയായി കുടുംബങ്ങളിലെ യുവതീ യുവാക്കൾ ഇത്തരം  പ്രലോഭനങ്ങളിൽ എളുപ്പം വീണുപോകുന്നതിൽ അതിശയിക്കാനില്ല. റെയിൽവേ സ്റ്റേഷനിൽ  ഇടനിലക്കാരനെ അന്വേഷിച്ചു നിൽക്കുന്നതിനിടയിലാണ് തമിഴ് യുവതി സ്പെഷ്യൽ  സ്ക്വാഡിന്റെ പിടിയിലായത്. ഷോൾഡർ ബാഗിൽ  ഓരോ കിലോ വീതമുള്ള ഹാഷിഷ് ഒായിൽ  ശ്രദ്ധയിൽപ്പെട്ടത്  അങ്ങനെയാണ്.  ഇടനിലക്കാരനും ഒരു യുവാവാണ്. അയാളെക്കുറിച്ചുള്ള വിവരങ്ങളും സ്പെഷ്യൽ  സ്ക്വാഡിനു ലഭിച്ചിട്ടുണ്ട്.   അയാളെ പിടികൂടാനുള്ള  ശ്രമം നടക്കുകയാണ്. താൻ മുമ്പും ഇതുപോലുള്ള ദൗത്യം ഏറ്റെടുത്തു പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ യുവതി വെളിപ്പെടുത്തിയത്.  ഇടുക്കി മലനിരകളിൽ  കാണുന്ന ഏറ്റവും 'ശുദ്ധമായ' നീലച്ചടയൻ  കഞ്ചാവ് വാറ്റിയെടുക്കുന്നതാണ് ഹാഷിഷ് ഓയിൽ. അത് പുറം വിപണിയിലെത്തിച്ചാൽ കിലോയ്ക്ക്  നാലുകോടി രൂപ വരെ  വില ലഭിക്കുമത്രെ.  വിമാനത്താവളങ്ങൾ  വഴി ഇതുപോലുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി കടൽ കടക്കാറുണ്ടെന്നുള്ളത്  രഹസ്യമൊന്നുമല്ല. ലഹരി കടത്തു തടയാൻ വിപുലമായ സംവിധാനങ്ങളുണ്ടെങ്കിലും അവയൊക്കെ മറികടന്ന് കച്ചവടം കൊഴുപ്പിക്കാൻ അധോലോക സംഘങ്ങളുടെ പക്കൽ സകല വിദ്യകളുമുണ്ട്. പണം വാരിയെറിഞ്ഞാൽ തുറക്കാത്ത വാതിലുകളുമില്ല.  വല്ലപ്പോഴുമൊക്കെ  പിടിക്കപ്പെടുന്നതു തന്നെ ലഹരി കടത്തു സംഘങ്ങൾക്കിടയിലെ കുടിപ്പക മൂക്കുമ്പോഴാണ്. കൊച്ചി നഗരം  ലഹരി കടത്തു സംഘങ്ങളുടെയും കച്ചവടക്കാരുടെയും ഇഷ്ട കേന്ദ്രമായി മാറിയിട്ട്  കാലം കുറെയായി.  കൂടക്കൂടെ ലഹരി വേട്ടയും ഇവിടെ നടക്കാറുണ്ട്. ഈ അടുത്ത കാലത്ത്  ഇരുപതു കോടി രൂപയുടെ ലഹരി ഗുളികകളാണ് ഒരു കൊറിയർ കമ്പനിയിൽ നിന്ന് പിടികൂടിയത്. ചെന്നൈയിൽ നിന്ന്  എത്തിയ കൊറിയർ പാക്കറ്റുകളിൽ അതിവിദഗ്ദ്ധമായ നിലയിൽ ഒളിപ്പിച്ചാണ് ഗുളികകൾ  പാക്ക് ചെയ്തിരുന്നത്.  ചെന്നൈയിൽ നിന്ന് അയയ്ക്കുന്നതിനെക്കാൾ സുരക്ഷിതം കൊച്ചിയായതിനാലാണ് ചരക്ക് ഇങ്ങോട്ട് അയച്ചത്. സംസ്ഥാനത്ത് വൻ വിലയുള്ള  ലഹരി മരുന്നുകളുടെ കടത്തും  വില്പനയും വളരെയധികം  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഞ്ചാവ്  കടത്തും  വില്പനയും സർവസാധാരണമായിക്കഴിഞ്ഞു. എന്തെല്ലാം  പുതുവഴികളാണ് ഇതിനായി  തിരഞ്ഞെടുക്കുന്നത്. ഹെൽമറ്റിനടിയിൽ വരെ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ  ഒരു വിദ്വാനെ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് പിടികൂടിയിരുന്നു. വില്പനയ്ക്കായി  കൊണ്ടുപോകുകയായിരുന്നു കഞ്ചാവ് പൊതികൾ. സ്കൂൾ കുട്ടികൾക്കിടയിൽ  വരെ കഞ്ചാവ് ഉപയോഗം വർദ്ധിക്കുന്നതായിട്ടാണ് സർവേകളിൽ വെളിപ്പെട്ട വിവരം.  കുട്ടികൾക്ക് സ്ഥിരമായി ലഹരി വിൽക്കുന്ന ഗൂഢസംഘങ്ങൾ ഒട്ടുമിക്ക വിദ്യാലയങ്ങളുടെയും പരിസരങ്ങളിൽ  സംഘടിത  നിലയിൽ പ്രവർത്തിക്കുന്നുണ്ട്.  ബസ് സ്റ്റാൻഡുകളിലും ആശുപത്രികളുടെയും  തിയേറ്ററുകളുടെയും പരിസരങ്ങളും 'കച്ചവടം' കൊഴുക്കുന്ന മേഖലകളാണ്. യുവ തലമുറയെ  ഇഞ്ചിഞ്ചായി തകർക്കുന്ന  ലഹരി വ്യാപനത്തിനെതിരെ സർക്കാർ തലത്തിലും സാമൂഹിക തലത്തിലും കൊണ്ടുപിടിച്ച  പ്രചാരണ പ്രവർത്തനങ്ങൾ  നടക്കുന്നുണ്ടെങ്കിലും വലിയ തോതിൽ  വിജയം അവകാശപ്പെടാനാകില്ല.  കൗമാരക്കാർക്കിടയിൽപ്പോലും  ലഹരി സ്വാധീനം  പിടിമുറുക്കുന്നതുകൊണ്ടാണിത്. പഴുതടച്ചുള്ള  പരിശോധനകൾ പതിന്മടങ്ങു ശക്തമാക്കുക മാത്രമാണ് ഈ വിപത്ത് കുറച്ചെങ്കിലും ഫലപ്രദമായി നേരിടാനുള്ള  മാർഗ്ഗം. കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാൽ  ലഹരി ഉപയോഗത്തിന്റെ അതിഭീകരമായ ദുരന്ത ഫലങ്ങൾ   കാണാനാകും. കഞ്ചാവും മദ്യവും വാങ്ങാനുള്ള പണം നൽകാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ  എത്രയോ രക്ഷിതാക്കളാണ് മക്കളുടെ മർദ്ദനമേറ്റ് അവശ നിലയിലാകുന്നത്. ഇത്തരത്തിൽ  ജീവൻ തന്നെ നഷ്ടപ്പെട്ടവരുമുണ്ട്.  ആത്മഹത്യയിൽ അഭയം പ്രാപിച്ചവരുമുണ്ട്. സാമൂഹ്യ വിപത്തായി  മാറിക്കഴിഞ്ഞ ലഹരി ഉപയോഗത്തിനെതിരെ  സമൂഹം  ഒന്നടങ്കം കൂടുതൽ  ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ ആപത്തിനെയാകും നേരിടേണ്ടിവരിക. പരമ്പരാഗത ലഹരി പദാർത്ഥങ്ങൾക്കൊപ്പം  കൂടുതൽ മാരകമായ മയക്കുമരുന്നുകളും ഇന്ന് പ്രചാരത്തിലുണ്ട്. ഡോക്ടറുടെ കുറിപ്പടി കൂടാതെ തന്നെ അവ യഥേഷടം വിൽക്കുന്ന  പ്രവണതയുമുണ്ട്. എല്ലാ സ്രോതസുകളിലും നിഷ്‌കൃഷ്ടമായ പരിശോധനകൾ നടത്തി നിയമ ലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന്  ഉറപ്പാക്കിയാലേ ഔഷധങ്ങളുടെ ദുരുപയോഗം  നിയന്ത്രിക്കാനാവൂ.