sabarimalaശബരിമല ക്ഷേത്രത്തിൽ  പ്രായഭേദം കൂടാതെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ  സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ  കേരളത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പന്ത്രണ്ട് വർഷം നീണ്ടുനിന്ന നിയമ നടപടിക്ക് ശേഷമാണ് വിധി ഉണ്ടായതെന്ന് നാം ഓർക്കണം. 2006ൽ ശബരിമലയിലെ സ്ത്രീപ്രവേശനം  ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷൻ റിട്ട് ഹർജിയായി സുപ്രീംകോടതിയിൽ  എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ എതിർ കക്ഷിയാക്കി. സുപ്രീംകോടതി സംസ്ഥാന ഗവൺമെന്റിനോട് അഭിപ്രായം തേടി. 2007  നവംബർ 13 ന് വി.എസ്. സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.  യു.ഡി.എഫ് സർക്കാർ  ഈ സത്യവാങ്മൂലം പിൻവലിക്കുകയും സ്ത്രീപ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം നൽകുകയും ചെയ്തു.  എന്നാൽ ഇപ്പോഴത്തെ ഗവൺമെന്റ്  2007  ൽ നൽകിയ സത്യവാങ്മൂലം നിലനിറുത്താൻ തീരുമാനിച്ചു. കഴിഞ്ഞ കാലങ്ങളിൽ സ്ത്രീകൾക്ക്  ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നു എന്നുള്ള രേഖകൾ സഹിതം കോടതിയെ അറിയിച്ചു. അന്നത്തെ മഹാരാജാവും രാജ്ഞിയും  ഉൾപ്പെടെ ക്ഷേത്രദർശനം നടത്തിയതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.  മാത്രമല്ല ഹൈന്ദവ വൈദീക താന്ത്രിക ശാസ്ത്രത്തിൽ  ശാസ്ത്രീയ പരിജ്ഞാനമുള്ള  പണ്ഡിത ശ്രേഷ്ഠന്മാർ ഉൾപ്പെട്ട കമ്മിഷനെ വച്ച് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക്  ക്ഷേത്ര പ്രവേശനം അനുവദിക്കാമോ എന്ന് അഭിപ്രായം സ്വരൂപിക്കാനും  കോടതിയോട് അപേക്ഷിച്ചു. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം ശബരിമലയിലും നടപ്പിലാക്കിയിട്ടുണ്ട്. 1991 ന് ശേഷം ഇരുപതുവർഷക്കാലമായി മാസപൂജയ്ക്ക് നട തുറക്കുമ്പോൾ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക്  പ്രവേശനമുണ്ടായിരുന്നു. മണ്ഡലകാലത്തും മകരവിളക്ക്, വിഷു തുടങ്ങിയ സമയങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം ഇല്ലാതിരുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ  ഇപ്പോൾ ആചാരഭംഗം വന്നു എന്ന് മുറവിളി കൂട്ടുന്നവർ  കേസ് നടന്ന 12 വർഷക്കാലം മൗനവ്രതത്തിലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.  ശബരിമലയുടെ പരിശുദ്ധിയും  അയ്യപ്പന്റെ  നൈഷ്ഠിക ബ്രഹ്മചര്യവും ചൂണ്ടിക്കാട്ടി പാവപ്പെട്ട ഭക്തരെ വൈകാരികമായി വിധിക്കെതിരായി സമരരംഗത്ത് ഇറക്കുവാൻ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സാമാന്യ ബുദ്ധിയുള്ള  ആർക്കും മനസിലാവും. മഹിള എന്ന വാക്കിന് 'മഹത് പൂജയാം' പൂജിക്കപ്പെടേണ്ടവൾ എന്നാണ് ആർഷഭാരതം വിളിച്ചത്. ആധുനിക താന്ത്രിക വൈദീക ആചാര്യന്മാർ എന്ന് അഭിമാനിക്കുന്നവർ  പ്രായത്തെ ചൂണ്ടിക്കാട്ടി അയിത്തം കല്പിച്ചു അകറ്റുന്നത്  അവരുടെ വിശ്വാസത്തിന്മേലുള്ള  കടന്നുകയറ്റം തന്നെയാണ്. വനവാസിയായ അയ്യപ്പന്  ആദിവാസികൾ ആചാരപൂർവം നൽകിയിരുന്ന തേൻ എന്ന നിവേദ്യം  നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി. അയ്യപ്പനെ ആയോധനവിദ്യ അഭ്യസിപ്പിച്ച ഈഴവ കുടുംബത്തിന്  അവകാശമായി ഉണ്ടായിരുന്ന വെടിവഴിപാട് ലേലം വിളിയിലൂടെ നഷ്ടപ്പെടുത്തി.  ശാന്തി നിയമത്തിൽ ജാതി വിവേചനം  പാടില്ല എന്നുള്ള 2002 ലെ സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായില്ല.  മേൽശാന്തി നിയമനത്തിൽ ഇപ്പോഴും പച്ചയായ ജാതി വിവേചനം തുടരുന്നു.  ഇങ്ങനെ എണ്ണിയാൽ  ഒടുങ്ങാത്ത നിയമ ലംഘനങ്ങൾ തുടരുന്നു. ഏകാധിപത്യ ഭരണം ജനാധിപത്യം വിട്ടിട്ടും  ഇന്നും ക്ഷേത്രങ്ങളുടെ മേൽക്കോയ്മാവകാശം വരേണ്യ വർഗത്തിന്റെ കുത്തകയായി തുടരുന്നു. അടി അളന്ന് അകറ്റി നിറുത്തി ദ്രോഹിച്ചതിന്റെ  മാറാലകൾ ബാക്കി പത്രമായി അവരുടെ മനസുകളിൽ  ഇപ്പോഴും തുടരുന്നു. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും കുത്തക അവകാശപ്പെട്ട് മേനി നടിക്കുന്നവരുടെ വൈദീക താന്ത്രിക മേഖലകളിലെ അറിവിന്റെ ആധികാരികത ജസ്റ്റിസ് പരിപൂർണ്ണൻ വെളിപ്പെടുത്തുകയുണ്ടായി. പഴയ ദേവദാസി സമ്പ്രദായത്തിന്റെ  പ്രേതങ്ങൾ  ബ്ളാക്ക് മെയിൽ കേസിലൂടെ നമ്മൾ മനസിലാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലെ  തന്ത്രിക്ക് ഗണപതിയുടെ നക്ഷത്രംപോലും അറിയാൻ കഴിയാത്തതിന്റെ ചരിത്രം പരിശോധിച്ചാൽ അറിയാം. മറ്റു പാരമ്പര്യ തന്ത്രിമാരുടെ തന്ത്രശാസ്ത്രത്തെക്കുറിച്ചുള്ള അറിവിന്റെ  ആധികാരികത ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായ  അച്ഛന്റെ  പ്ളസ് ടു വിദ്യാഭ്യാസ യോഗ്യത നേടിയ മകൻ പാരമ്പര്യം അവകാശപ്പെട്ടു കൊണ്ട് ഹൃദ് രോഗിയെ ചികിത്സിക്കുന്നത് പോലെയായിരിക്കും താന്ത്രികാവകാശ പാരമ്പര്യം. താന്ത്രികാവകാശം ശാസ്ത്രീയപഠനത്തിന്റെ  അടിസ്ഥാനത്തിൽ  യോഗ്യതാ പരീക്ഷയിലൂടെയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡും കേരള സർക്കാരും സത്വര നടപടിയെടുക്കണം. ചരിത്രത്തിന്റെ ഗതിയറിയാത്ത വൈദീക താന്ത്രിക ആചാര്യന്മാരുടെ ആചാര അനുഷ്ഠാനങ്ങൾ കാലത്തിന്റെ മാറ്റത്തിനനുസരിച്ചും പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കണം. അതിലൂടെ സംസ്ഥാന ഗവൺമെന്റ് ഭരണഘടനാ ബാദ്ധ്യത നിറവേറ്റണം. അതിന് ശിവഗിരി ശ്രീനാരായണ ധർമ്മ വൈദീക സംഘം ട്രസ്റ്റിന്റെയും ശ്രീനാരായണ ധർമ്മ വൈദീക പ്രചാരണ സഭയുടെയും  ധാർമ്മിക പിന്തുണ ഉണ്ടായിരിക്കും. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാകട്ടെ"

(ലേഖകൻ ശിവഗിരി ശ്രീനാരായണ ധർമ്മ വൈദീക സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ്)