maram

വിതുര: പൊൻമുടി, വിതുര, നെടുമങ്ങാട് സംസ്ഥാനപാതയിൽ റോഡരികിൽ നിൽക്കുന്ന മരങ്ങൾ അപകടഭീതി പരത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. പൊൻമുടി - കല്ലാർ റോഡിൽ കഴിഞ്ഞ ദിവസവും മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അനവധി തവണ വൈദ്യുതിലൈനുകൾ പൊട്ടി വീണു. കല്ലാർ മുതൽ പൊൻമുടി വരെ അനവധി മരങ്ങൾ ഉണങ്ങി വേരുകൾ പുറംതള്ളി ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. വീതിക്കുറവുള്ള റോഡരികിൽ നിൽക്കുന്ന മരങ്ങളിൽ വാഹനങ്ങൾ ചെന്നിടിക്കുന്നതും പതിവാണ്.

മുൻപ് വിതുര ചേന്നൻപാറ പെട്രോൾ പമ്പിന് സമീപം റോഡരികിൽ നിന്ന മരത്തിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പറണ്ടോട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. മരണം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ മരവും മുറിച്ചിട്ടില്ല. അപകടം പതിവാകുന്ന സ്ഥലമാണിവിടം. വർഷങ്ങൾക്ക് മുൻപ് നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന് മേൽ മരം ഒടിഞ്ഞുവീണ സംഭവവുമുണ്ടായി. യാത്രക്കാർ തലനാഴികയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇലക്ട്രിക് ലൈനുകൾക്ക് മീതെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ കാറ്റത്തും, മഴയത്തും ഒടിഞ്ഞ് വീണ് ലൈനുകൾ തകരുകയും വൈദ്യുതി വിതരണം തടസപ്പെടുകയും പതിവാണ്

ിഅപകടത്തിലായത് - 100 ഓളം മരങ്ങൾ

മരം കടപുഴകി വീണ് അപകടങ്ങൾ പതിവ്

വൈദ്യുതി ലൈനുകളും പൊട്ടുന്നു: വൈദ്യുതി മുടക്കം പതിവ്

അപകടാവസ്ഥയിലായത്

പൊൻമുടി-കല്ലാർ റൂട്ട്
തൊളിക്കോട് വിതുര റൂട്ട്

തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനിൽ നിൽക്കുന്ന കൂറ്റൻ മരത്തിന്റെ ശിഖരം മഴയത്ത് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. വിതുരയിൽ പി.എസ്.സി ടെസ്റ്റ് എഴുതാൻ വന്നതായിരുന്നു. സംഭവത്തെ തുടർന്ന് ഇൗ മരം.
മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊൻമുടി തൊളിക്കോട് റോ‌ഡ് ഉപരോധിച്ചിരുന്നു. ഉടൻ മുറിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികൾ പറഞ്ഞെങ്കിലും അനക്കമില്ല. ചേന്നൻപാറ പെട്രാൾ പമ്പിന് സമീപം യുവാവ് മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ മരങ്ങൾ ഇതുവരെ മുറിച്ചിട്ടില്ല.

മരങ്ങൾ മുറിക്കണം

പൊൻമുടി വിതുര റൂട്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.